വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ ആരോപിച്ചു.

തിരുവനന്തപുരം:വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ ആരോപിച്ചു. അതേസമയം, ആരോപണം ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ആർ ശ്രീലേഖ ആരോപണം തള്ളി. മുരളി തോൽവി സമ്മതിച്ചെന്നായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രശാന്തിന്‍റെ പ്രതികരണം.കോൺഗ്രസ് സംസ്ഥാനത്താകെ ഡീൽ ഉയർത്തുമ്പോൾ പൊരിഞ്ഞ ത്രികോണപ്പോരുള്ള മണ്ഡലത്തിൽ കുറച്ചുകൂടി കടുപ്പിക്കുന്നു മുരളി.

തദ്ദേശതെരഞ്ഞെടുപ്പിൽ വട്ടിയൂ‍ർക്കാവിൽ ബിജെപി ഒന്നാമതെത്തിയിരുന്നു . മേയർ വിവി രാജേഷ് അടക്കമുള്ള കൗൺസിലർമാർ മണ്ഡലത്തിൽ നിന്നുള്ളവരാണ്. ബിജെപിയുടെ എ പ്ലസ് സീറ്റിൽ മെല്ലെപ്പോക്ക് ആരോപിക്കുന്ന മുരളി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ സംശയനിഴലിലാക്കുന്നു. പല ബിജെപി നേതാക്കളും ആഗ്രഹിച്ച സീറ്റാണ്. പക്ഷെ പ്രചാരണത്തിൽ ഒരുപ്രശ്നവുമില്ലെന്ന് പറഞ്ഞ് ആർ ശ്രീലേഖ ആരോപണം തള്ളി.ഓരോവോട്ടും ത്രികോണപ്പോരിൽ നിർണായകമാണ്. ആരോപണത്തിൻറെ അപകടം മണത്താണ് വികെ പ്രശാന്ത് എല്ലാം നിഷേധിക്കുന്നത്.

 2016ൽ കുമ്മനം ജയിക്കാതരിക്കാൻ സിപിഎമ്മും മുരളിക്ക് വോട്ട് മറിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് ഇടത് സ്ഥാനാർത്ഥി ടിഎൻ സീമയുടെ തോൽവി അന്വേഷിച്ച പാർട്ടി കമ്മീഷൻ ചില നേതാക്കൾക്കെതിരെ നടപടി എടുത്തിരുന്നു. പിന്നീട് വട്ടിയൂർക്കാവ് വിട്ട് വടകര എംപിയായ മുരളി കഴിഞ്ഞ തവണ നേമത്ത് ഇറങ്ങി. നേമത്ത് കുമ്മനത്തെ ശിവൻകുട്ടി വീഴ്ത്താനുള്ള ഒരു കാരണവും മുരളി പിടിച്ച വോട്ടുകളാണ്. അന്നത്തെ റിവഞ്ച് ബിജെപി തുടരുന്നുവെന്നാണ് മുരളിയുടെ ആക്ഷേപം.

YouTube video player