വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർ സുഗതനെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്.
തിരുവനന്തപുരം: കൗൺസിലർ സുഗതനെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്. വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ ആശങ്ക പൊലീസ് ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കും.
ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിയെ പിടിക്കുമ്പോൾ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന്റെ മനോവിര്യം തകർക്കാൻ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകൾ ഇറക്കി പൊലീസിന്‍റെ മനോവിര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
