പൊലീസ് വേഷത്തിൽ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അല്ലങ്കിൽ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ദില്ലി: കെ റെയിൽ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എം.പി കെ.മുരളീധരൻ. സർവ്വേയെന്ന പേരിൽ സർക്കാർ വീടുകളിൽ കയറി കല്ലിടുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും പോലീസ് അതിക്രൂരമായി മർദ്ദിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. പുരുഷ പോലീസുകാർ സ്ത്രീകളെ കൈയേറ്റം ചെയ്യുകയാണ്. പൊലീസ് വേഷത്തിൽ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അല്ലങ്കിൽ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം കെ റെയിൽ സമരത്തിൽ പൊലീസിനെ തടഞ്ഞ 25 പേർക്കെതിരെ കേസെടുത്തു. എറണാകുളം ചോറ്റാനിക്കര പൊലീസാണ് സമരക്കാർക്കെതിരെ കേസെടുത്തത്. പിറവം എംഎൽഎ അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് തുടങ്ങി 25 പേർക്ക് എതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് കേസ്. ചോറ്റാനിക്കരയിൽ ഇന്നും യുഡിഎഫ് പ്രവർത്തകർ അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞിരുന്നു.
