മലപ്പുറത്ത് പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാ‍ർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് കെ മുരളീധരൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ എന്ത് ചെയ്യുന്നുവെന്ന് യുഡിഎഫ് ചിന്തിക്കുന്നില്ല. മുസ്ലിം ലീഗ് ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. അതിൽ തർക്കം വേണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇന്നലെ കെസി വേണുഗോപാൽ ഒരു കാര്യം പറഞ്ഞപ്പോൾ പ്രതിരോധിക്കാനായി സിപിഎമ്മിൽ നിന്ന് സംസാരിച്ചത് മരുമകൻ റിയാസ് മാത്രമാണ്. അതിനർത്ഥം സിപിഎമ്മിൽ പിണറായി വിജയൻ ഒറ്റപ്പെടുന്നു എന്നാണ്. എൽഡിഎഫിലും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. എംവി ഗോവിന്ദൻ മാഷോ, എംഎ ബേബിയോ പിണറായിയുടെ ചതിയെ കുറിച്ചുള്ള കെസി വേണുഗോപാലിൻ്റെ പരാമർശത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

കെസി വേണുഗോപാലിനെതിരെ സിപിഎം

ക്ഷേമപെൻഷൻ തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ സിപിഎം രംഗത്ത് വന്നു. കെസി വേണുഗോപാലിൻ്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രസ്താവന കോൺഗ്രസിൻറെ ആശങ്ക വ്യക്തമാക്കുന്നതാണെന്നും പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്നും ധനമന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടു.

YouTube video player