ജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്ന് റിയാസ് വിമര്‍ശിച്ചു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. ആര് ആരെയാണ് ചതിക്കുന്നതെന്ന് മത നിരപേക്ഷ കേരളം തിരിച്ചറിയുമെന്ന് ചതിയേ കുറിച്ച് പ്രസംഗിച്ചവർ മനസിലാക്കിയാൽ നല്ലതെന്ന് മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. രാജസ്ഥാനിലെ രാജ്യസഭ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടി, അധികാര കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്നും റിയാസ് വിമര്‍ശിച്ചു.
മലപ്പുറം ജില്ലയെ ചതിച്ച ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാലിന്‍റെ വിമർശനം. സ്വര്‍ണക്കടത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പരാമര്‍ശം. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി കുറ്റപ്പെടുത്തി.


