Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയും പരിഗണനയില്‍', ബാക്കിയെല്ലാം തെരഞ്ഞെടുപ്പിന് ശേഷം: കെ മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുരളീധരന്‍. താഴെത്തട്ടിൽ ഇപ്പോഴും പാർട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നും വിമർശനം.

k muraleedharan says Oommen Chandy also considered for cm in lok sabha election
Author
Kannur, First Published Jan 13, 2021, 8:09 AM IST

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‍ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരൻ എംപി. ചെന്നിത്തലും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുള്ളിൽ പരിഗണ കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിയെന്ന ചുമതല നിർവ്വഹിക്കലാണ് പ്രധാനമെന്ന് കെ മുരളീധരൻ പറഞ്ഞു.  ക്രിസ്ത്യൻ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചർച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരൻ പറഞ്ഞു. വെൽഫെയർ ബന്ധം പാർട്ടിയിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും വിശദമായ ചർച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു. താഴെത്തട്ടിൽ ഇപ്പോഴും പാർട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Follow Us:
Download App:
  • android
  • ios