സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും യുഡിഎഫ് 100 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്നും കെ. മുരളീധരൻ പ്രവചിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും യുഡിഎഫ് 100 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്നും കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
എൽഡിഎഫ് പ്രചാരണം പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയത് യുഡിഎഫിന് ഗുണകരമായെന്ന് മുരളീധരൻ നിരീക്ഷിച്ചു. വോട്ട് ലഭിക്കാത്തതിന് ക്രൈസ്തവ സഭയെയോ മറ്റ് സമുദായങ്ങളെയോ കുറ്റപ്പെടുത്തുന്ന പി.സി. ജോർജിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങളെ പഴിചാരുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നായിരുന്നു മുരളീധരന്റെ മറുപടി. ഇക്കാര്യത്തിൽ എടുത്തുചാടി പ്രതികരണങ്ങൾ നടത്തി നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്. ജനം വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കാര്യങ്ങൾ വഷളാക്കരുതെന്നും നേതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


