വിഡി സതീശന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ആര് വിമര്‍ശിച്ചാലും ഞങ്ങള്‍ എതിര്‍ക്കുമെന്നും കെ മുരളീധരൻ. അതേസമയം, എൻഎസ്എസ് കോണ്‍ഗ്രസിനെതിരെ പറഞ്ഞിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി
കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും വിമര്‍ശനത്തിൽ വിഡി സതീശനെ പിന്തുണച്ച് കെ മുരളീധരൻ. വിഡി സതീശന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ആര് വിമര്‍ശിച്ചാലും ഞങ്ങള്‍ എതിര്‍ക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. പരിപൂർണ സംഘ പരിവാർ അവസ്ഥയിലേക്ക് സിപിഎം മാറി എന്നതിന്‍റെ തെളിവാണ് സജി ചെറിയാന്‍റെ വാക്ക്. ബി ജെ പി പോലും ഇങ്ങനെ പറയില്ല. എൻഎസ്എസും എസ്എൻഡിപിയും ഐക്യപ്പെടുന്നതിനെയും സാമുദായിക ഐക്യത്തെയും ഞങ്ങള്‍ എതിര്‍ക്കില്ല. എന്നാൽ, ഏതു നേതാക്കൾക്ക് എതിരെ ആക്രമണം വന്നാലും അതിനെതിരെ നിലകൊള്ളും. അത് ചെന്നിത്തലയായാലും കെ സി വേണുഗോപാല്‍ ആയാലും പിന്തുണയ്ക്കും. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന എൻഎസ്എസ് അഭിപ്രായത്തോടും കെ മുരളീധരൻ പ്രതികരിച്ചു.
എൻഎസ്എസിനോട് അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ? സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തതിന്‍റെ പേരിലുള്ള ഏത് ആക്രമണത്തെയും നേരിടുമെന്നായിരുന്നു സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും കടന്നാക്രമണത്തിൽ വിഡി സതീശന്‍റെ പ്രതികരണം. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നായിരുന്നു ജി സുകുമാരൻ നായരുടെ വിഡി സതീശനെതിരായ വിമര്‍ശനം. വിഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനം.
അതേസമയം, വിഡി സതീശനെതിരായ വിമര്‍ശനത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് പ്രതികരിച്ചത്. സിപിഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്നും സജി ചെറിയാനും എകെ ബാലനും പറയുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കോണ്‍ഗ്രസിനെതിരെ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സമുദായ നേതാക്കളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. വ്യക്തിഗതമായ തർക്കത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.



