കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്നാണ് കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്. ഗുലാം നബി ആസാദും, കെ വി തോമസും, സൽമാൻ ഖുർഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോൾ എന്ന് കോടിയേരി ചോദിക്കുമ്പോൾ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കാണുന്നുണ്ട്. 

തിരുവനന്തപുരം/ കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന സിപിഎം സംസ്ഥാനജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ മുരളീധരൻ എംപി. ന്യൂനപക്ഷവർഗീയപരാമർശങ്ങൾ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിക്കുന്നു. 

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന് കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് ചോദിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗുലാം നബി ആസാദും, കെ വി തോമസും, സൽമാൻ ഖുർഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോൾ എന്ന് കോടിയേരി ചോദിക്കുമ്പോൾ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കാണുന്നുണ്ട്. 

എന്നാൽ ഇതിനെ ഗുരുതരമായ ആരോപണങ്ങൾ കൊണ്ടാണ് മുരളീധരൻ എതിരിടുന്നത്. കോടിയേരി കോൺഗ്രസിന്‍റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോൺഗ്രസ് മതേതരപാർട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കിൽ ഇന്ത്യയിൽ വേറെ എവിടെയും സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോ കോടിയേരിക്ക്? മുരളീധരൻ വെല്ലുവിളിക്കുന്നു. 

കൊവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ അമ്പേ പരാജയമാണ്. കേരളം നാഥനില്ലാക്കളരിയായി. ഇനി അധികാരത്തിൽ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നിൽക്കണ്ട് ന്യൂനപക്ഷക്കാർഡ് ഇറക്കുകയാണ്. 

ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മിൽ എവിടെയാണ് ന്യൂനപക്ഷനേതാക്കൾ? മുരളീധരൻ ചോദിക്കുന്നു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെ പിണറായിയുടെ ഇംഗിതം നടപ്പാക്കാനാണ് കോടിയേരി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ, അത് കോൺഗ്രസിന്‍റെ ചെലവിൽ വേണ്ട, മുരളീധരൻ പരിഹസിക്കുന്നു. 

റിയാസിനെ വ്യക്തിപരമായി വിമർശിക്കുന്നില്ല. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയ്യിൽ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി വർഗ്ഗീയത പറയണ്ട - മുരളീധരൻ ആഞ്ഞടിക്കുന്നു. 

കോൺഗ്രസിലാണ് എന്നും സാമുദായിക സമവാക്യം കൃത്യമായി നേതൃനിരയിൽ നടപ്പാക്കുന്നത് എന്നാണ് മുരളീധരൻ പറയുന്നത്. കോൺഗ്രസ് ചരിത്രത്തിൽ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരേ സമുദായത്തിൽ നിന്നുള്ളവർ ആയിട്ടില്ല. വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ കഴിവുള്ള മറ്റൊരു സമുദായാംഗമായ കെ സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കി. 

കോടിയേരിയുടെ മനസ്സിലിരിപ്പ് കോൺഗ്രസിന് മനസിലായി. അതിനാൽ ഈ വിഷയത്തിൽ പൊതു ചർച്ചക്കില്ല. കോൺഗ്രസ്സായിട്ട് കേസ് കൊടുക്കില്ല. കോടിയേരിയുടെ പ്രസ്താവനയെ ഗൗരവത്തിൽ എടുക്കുന്നില്ല. ആശങ്കയും ഇല്ല - മുരളീധരൻ പറയുന്നു. 

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വത്തെ ഉന്നംവച്ചുള്ള കോടിയേരിയുടെ പ്രസ്താവന വരുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സമുദായം പറഞ്ഞുള്ള കോടിയേരിയുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി രംഗത്ത് വന്നിട്ടും, ദേശീയ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വീണ്ടും കോടിയേരി വിമര്‍ശനം കടുപ്പിച്ചു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് കണ്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ന്യൂനപക്ഷമൊന്നാകെ കോണ്‍ഗ്രസിന് വോട്ട് ചെയ്തരുന്നു.1 9 സീറ്റ് കിട്ടിയിട്ടും പാര്‍ലമെന്‍റില്‍ ബിജെപിക്കെതിരെ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനായില്ലെന്ന് സിപിഎം എടുത്തുപറയുമ്പോള്‍ അവര്‍ ലക്ഷ്യം വക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. 

സമസ്തയിലെ ഒരു വിഭാഗമടക്കം സിപിഎം അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് ന്യൂനപക്ഷത്തെ പരമാവധി അടുപ്പിച്ച് നിര്‍ത്താനുള്ള തന്ത്രം സിപിഎം പയറ്റുന്നത്. സിപിഎം നേതൃത്വത്തില്‍ എവിടെയാണ് ന്യൂനപക്ഷനേതാക്കളെന്ന് എണ്ണിച്ചോദിച്ചാണ് കോണ്‍ഗ്രസിന്‍റെ മറുപടി. ഇഎംഎസ് മുതല്‍ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരില്‍ ആരാണ് ന്യൂനപക്ഷനേതാക്കളെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഇത് സംഘപരിവാറിന് വേണ്ടി മാത്രമുള്ള പ്രസ്താവനയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഹൈദരാബാദില്‍ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ കണ്ട് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് പകരം പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയാണ് വേണ്ടതെന്ന രാഷ്ട്രീയലൈന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കാനിരിക്കെയാണ് സിപിഎം കേരളഘടകം പുതിയ ചർച്ച ഉയര്‍ത്തിക്കൊണ്ട് വരുന്നത്.