തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരുടെയും വോട്ട് വേണമെന്ന് യു ഡി എഫ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്‍.
തൃശൂര്‍: തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരുടെയും വോട്ട് വേണമെന്ന് യു ഡി എഫ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്‍. പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് ചില പ്രസ്ഥാനങ്ങളോട് ചില നയങ്ങളുണ്ട്. ആ നയങ്ങളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തെറ്റാണ്. അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വോട്ടുതരുന്നത് കൊണ്ട് പാര്‍ട്ടിയുടെ നയത്തില്‍ മാറ്റമുണ്ടാവില്ല.
മുഖ്യമന്ത്രിക്ക് രണ്ടു മൂന്നു ദിവസമായി പ്രത്യേക മാനസികാവസ്ഥയാണെന്നും ഇതിന്റെ കാരണം എന്തെന്ന് മനസിലാവുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൊടി വച്ചതിനും വെക്കാത്തതിനും പരാതിയാണ്. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങിയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ശിവന്‍കുട്ടി വിജയിച്ചത്. പരസ്യമായാണ് എസ്.ഡി.പി.ഐ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചത്.
അന്ന് സിപിഎമ്മിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അന്നും ഇന്നും എസ്.ഡി.പി.ഐയോട് ഒരേ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും ബി ജെ പിയും തമ്മില്‍ ഡീലുണ്ടെന്നു മുരളീധരന്‍ പറഞ്ഞു. കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡി. നോട്ടീസ് അയച്ചത് ഈ ധാരണയുടെ ഭാഗമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ പേരെ വിജയിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡിയുടെ നോട്ടീസ്.
അതല്ലായിരുന്നുവെങ്കില്‍ നേരത്തെതന്നെ നടപടി നടപടികളിലേക്ക് കടക്കേണ്ടതായിരുന്നു. ധാരണ പ്രകാരം തിരുവനന്തപുരവും തൃശൂരും ബി.ജെ.പിക്ക് നല്‍കുകയും മറ്റു സ്ഥലങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കുകയുമാണ് തന്ത്രം. ഇത് കോണ്‍ഗ്രസും യു.ഡി.എഫും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. അതില്‍ തെല്ലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
