തിരുവനന്തപുരം: ജനയുഗത്തിലെ ലേഖനം ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു. ജനയുഗത്തിലെ വിമര്‍ശനം പിഡബ്ല്യുസിക്ക് എതിരെ മാത്രമല്ല, പണം തട്ടുന്ന കണ്‍സള്‍ട്ടന്‍റുകള്‍ സജീവമെന്നും പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇടതുപക്ഷം പ്രകടനപത്രികയില്‍ നിന്ന് വ്യതിചലിച്ചു എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ വ്യതിചലനമുണ്ടായിട്ടുള്ള ചില സംഭവവികാസങ്ങളുണ്ടായി. അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്.  ബ്യൂറോക്രാറ്റുകളുടെ അമിതമായ ഇടപെടലുകള്‍ തിരുത്താനുള്ള ബാധ്യത രാഷ്ട്രീയ നേതൃത്വത്തിനുണ്ട്, അത് ചെയ്യുന്നുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സിപിഐ മുഖപത്രം ജനയുഗത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. 

ഇതോടൊപ്പം മന്ത്രി കെ ടി ജലീലിന് എതിരെയും ലേഖനത്തിൽ പേര് പറയാതെ വിമർശനമുണ്ട്. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണം. ടെണ്ടർ ഇല്ലാതെ കോടികളുടെ കരാർ നേടി, അത് മറിച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നുവെന്നും ലേഖനത്തിൽ പറയുന്നു. 

സിപിഎമ്മും കോടിയേരി ബാലകൃഷ്ണനുമടക്കം മുഖ്യമന്ത്രിക്ക് പൂ‍‍ര്‍ണ്ണപിന്തുണ നൽകുമ്പോഴും മുന്നണി മുഖ്യമന്ത്രിക്ക് ഒപ്പമില്ലെന്നാണ് മുഖപത്രത്തിലെ ലേഖനം സൂചന നൽകുന്നത്. നേരത്തെ സ്പ്രിംഗ്ല‍‍ര്‍ വിവാദത്തിൽ ഐടി വകുപ്പിനെ പരസ്യമായി രൂക്ഷമായി വിമ‍ര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പിൽ നടക്കുന്ന അഴിമതിയും ചട്ടലംഘനവും മുഖ്യമന്ത്രിയുടെ വീഴ്ചയായാണ് സിപിഐ വിലയിരുത്തുന്നതെന്നാണ് ലേഖനം നൽകുന്ന സൂചന.