Asianet News MalayalamAsianet News Malayalam

ചാത്തനാട്ടെ വീട്ടിലേക്ക് അവസാനയാത്ര, വിപ്ലവമണ്ണിൽ ഗൗരിയമ്മയ്ക്ക് റെഡ് സല്യൂട്ട്

കേരളരാഷ്ട്രീയത്തിലെ വിപ്ലവത്തിന്‍റെ മറുപേരിന് വിട. ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ വൈകിട്ട് 6 മണിക്കാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. അയ്യങ്കാളി ഹാളിൽ ഗൗരിയമ്മയ്ക്ക് ആദരമർപ്പിക്കാൻ നിയന്ത്രണങ്ങൾ പാലിച്ചുതന്നെ ആളുകളെത്തി. 

k r gouri amma final rites to be conducted in alappuzha
Author
Alappuzha, First Published May 11, 2021, 3:51 PM IST

ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ. അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം. അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും വേദിയായ ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്‍ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. വൈകീട്ട് ആറിന് വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്ക്കാരം.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വീരവനിതയാണ് കെ ആർ ഗൗരി. പകരം വെക്കാനില്ലാത്ത ഐതിഹാസിക ജീവിതം വിടവാങ്ങിയ വാർത്തയുടെ ഞെട്ടലോടെയാണ് കേരളം ഉണർന്നത്. ബന്ധുക്കൾക്കൊപ്പം താമസിക്കണമെന്ന ആഗ്രഹവുമായി വിഷുക്കാലത്താണ് ചാത്തനാട്ടെ വീട്ടിൽ നിന്നും കെ ആർ ഗൗരിയമ്മ തലസ്ഥാനത്തെക്കെത്തിയത്. 

ഏപ്രിൽ 22 മുതൽ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രിയിൽ. ഇടക്ക് തീവ്രപരിചരണവിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ വീണ്ടും സ്ഥിതി ഗുരുതരമായി. മരണവാർത്തയറിഞ്ഞതോടെ സ്വകാര്യആശുപത്രിയിലേക്ക് നേതാക്കളെത്തിത്തുടങ്ങി. പത്തേകാലോടെ മൃതദേഹം അയ്യൻകാളി ഹാളിലേക്ക്. സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ജീവിതം. ആഗ്രഹപ്രകാരം അവസാനം പാർട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യൻകാളി ഹാളിൽ. ഗവർണ്ണ‍ർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അർപ്പിച്ചു.

ഗൗരിയമ്മക്ക് ആദരമർപ്പിക്കാനായി അയ്യൻകാളി ഹാളിലെ ചടങ്ങിനായി കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി. മൂന്നൂറ് പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. 12 മണിയോടെ അയ്യൻകാളി ഹാളിൽ നിന്നും വിപ്ളവത്തിൻറെ മണ്ണായ ആലപ്പുഴയിലേക്ക്. രാഷ്ട്രീയകേരളത്തിന്‍റെ തലസ്ഥാനം കരുത്തുറ്റ വനിതക്ക് വിടചൊല്ലി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios