മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപി പരാതിയിലാണ് നടപടി. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും നിയമ പോരാട്ടം നടത്താനും ഒരുങ്ങുകയാണ്.

ദില്ലി: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയതിൽ കോൺഗ്രസ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അട്ടിമറി നടന്നെന്നും നിയമപരമായി നേരിടുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം തിരുത്തിയില്ലെങ്കിൽ വൻ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്ന് കോൺഗ്രസ് പറയുന്നു. ദുർബല കാരണങ്ങൾ പറഞ്ഞ് പത്രിക തള്ളരുതെന്ന വിധിയുണ്ടെന്ന് പാർട്ടിക്ക് നിയമോപദേശം ലഭിച്ചു. നിയമ പോരാട്ടത്തിനായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിൽ തന്നെ കോൺഗ്രസിന് കനത്ത അടിയാണ് ഏറ്റത്. മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക, ബിജെപി നേതാവിന്‍റെ പരാതി അംഗീകരിച്ചാണ് റിട്ടേണിങ് ഓഫിസർ തള്ളിയത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചാണ് പത്രിക തള്ളിയത്. പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് തെര‍ഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളെത്തി. കെ സി വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഗേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി പ്രധാന കവാടത്തിന് മുന്നിൽ നിലത്തിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ വെളിപ്പെടുത്താത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാൽ പത്രിക തള്ളിയത് സ്വാഭാവികമാണെന്നും ബിജെപി വാദിക്കുന്നു. കോൺഗ്രസ് അല്ലെങ്കിൽ തന്നെ പരാജയപ്പെടുമായിരുന്നു എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു. റിട്ടേണിംഗ് ഓഫീസറെ മീനാക്ഷി നടരാജൻ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വോട്ട് ചോരി ആവർത്തിക്കുന്നു എന്നാണ് മീനാക്ഷി നടരാജന്‍റെ പ്രതികരണം. ബിജെപി ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലായ്മ ചെയ്യുകയാണെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കുനാൽ ചൗധരി ആരോപിച്ചു. വളഞ്ഞ വഴിയിലൂടെ രാജ്യസഭാ സീറ്റ് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരിയും കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.