Asianet News MalayalamAsianet News Malayalam

K Rail DPR Out : കെ റെയിൽ ഡിപിആർ പുറത്ത്, പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്; ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആർ

നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. സിൽവർലൈൻ പദ്ധതി വഴി ആർക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തു.

K Rail DPR now out uploaded into Kerala assembly website
Author
Trivandrum, First Published Jan 15, 2022, 3:32 PM IST

തിരുവനന്തപുരം : കെ റെയിൽ ഡിപിആർ പുറത്ത്. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാനത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. 

പുറത്ത് വിട്ട ഡിപിആർ അനുസരിച്ച് പദ്ധയിൽ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി രൂപയാണ്. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയിൽ. കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റ‌ർ ആയിരിക്കും. 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം. പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യം. 27 വർഷം കൊണ്ട് ഇരട്ടി സർവീസ് ലക്ഷ്യമിടുന്നു. 52.7% തുകയും വായ്പയെടുക്കും.

നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ കൂടി എംഡി പറഞ്ഞത് ഡിപിആർ രഹസ്യ രേഖയാണെന്നും കൊമേഴ്സ്യൽ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെൻഡർ ആകാതെ ഇത് പുറത്തു വിടാൻ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി ഇന്നലയും പറഞ്ഞിരുന്നു.

സിൽവർലൈൻ പദ്ധതി വഴി ആർക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തു. ഡിപിആർ നൽകിയെന്ന തെെറ്റായ മറുപടി നൽകിയിതിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡിപിആർ സിഡിയായി നൽകിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നൽകിയെന്നായിരുന്നു അൻവർസാദത്ത് എംഎൽഎയുടെ പരാതി.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിൽവർ ലൈനിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി  ആവർത്തിച്ചു.

അതിരടയാളക്കല്ലിടലും സാമുഹിക ആഘാതപഠനവുമായി കെ റെയിൽ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധവും കടുക്കുകയാണ്. കണ്ണൂർ മാടായിപ്പാറയിൽ മൂന്ന് തവണയാണ് അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നത്. വെള്ളിയാഴ്ച എട്ട് സർവക്കല്ലുകളാണ് പിഴുതുമാറ്റി റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആരാണ് ചെയ്തതെന്ന് സൂചന കിട്ടിയില്ല. സാമൂഹികാഘാത പഠനത്തിന് മുന്നോടിയ്യുള്ള കല്ലിടൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും മാടായിപ്പാറയിലൂടെ തന്നെ കെ റെയിൽ പാത പോകുമെന്ന് തീരുമാനമായിട്ടില്ലെന്നും വിശദീകരിച്ച് എം വി ജയരാജനും രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios