Asianet News MalayalamAsianet News Malayalam

K Rail : മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി; എട്ട് കല്ല് മാറ്റി റീത്ത് വച്ചു

അഞ്ഞൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ സമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയിൽ നിർമ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. 

K Rail Madayipara marking stones removed again
Author
Kannur, First Published Jan 14, 2022, 8:34 AM IST

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ (Madayipara) കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. 

സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത്  നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇതിനിടെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതിൽ നിലപാട് അറിയിക്കാൻ കെ റെയിൽ കമ്പനിക്ക് നിർദ്ദേശവും നൽകിയിരുന്നു.

സിൽവർ ലൈനിനായി 2832 കല്ലുകൾ സ്ഥാപിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂൺ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചത്. 

കഴിഞ്ഞ ചൊവ്വാഴ്ച സിൽവർ ലൈൻ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സർവ്വേ കല്ലുകൾ പിഴുതുമാറ്റപ്പെട്ടത്. പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത് വലിയ വിവാദമായിരുന്നു. പണി തുടങ്ങി എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ പോസ്റ്റ്. 

അഞ്ഞൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ സമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയിൽ നിർമ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. 

Follow Us:
Download App:
  • android
  • ios