മാടായിപ്പാറയുടെ മുകളിലൂടെയാണ് കെ റെയിലിന്‍റെ നിർദ്ദിഷ്ട പാത. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശത്ത് കൂടെയുള്ള പദ്ധതിക്കെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ശക്തമാണ്.
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലുമായി (K Rail) ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതുമാറ്റിയ നിലയിൽ. മാടായി കാവ് (Madayi Kavu) റോഡിലെ കല്ലുവളപ്പിലാണ് അതിരടയാള കല്ല് പിഴുതു മാറ്റിയത്. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മാടായി പ്രദേശം കെ റെയിലിനായി ഏറ്റെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മാടായിപ്പാറയുടെ മുകളിലൂടെയാണ് കെ റെയിലിന്‍റെ നിർദ്ദിഷ്ട പാത. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശത്ത് കൂടെയുള്ള പദ്ധതിക്കെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ട്. കെ റെയിൽ വിരുദ്ധ സമരക്കാരാണോ മറ്റാരെങ്കിലുമാണോ നീക്കത്തിന് പിന്നിലെന്നത് പരിശോധിച്ച് വരികയാണ്.
യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്
സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് വ്യക്തമാക്കിയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ വെല്ലുവിളി. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു
വെറും സ്വപ്നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികൾ പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയുമെന്നാണ് സുധാകരൻ്റെ ആഹ്വാനം.
ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷൻ. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി.
കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി.
