നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് (Semi Hi-speed Rail) റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി (Silver Line Project) ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല
ദില്ലി: നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് (Semi Hi-speed Rail) റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് വിശദീകരിച്ച അദ്ദേഹം സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് (Semi Hi-speed Rail) റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി (Silver Line Project) ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. കെ റെയിൽ (K Rail) പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാർ നിവേദനത്തിൽ ഒപ്പിട്ടു. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.
