പാർലമെന്റിന് പുറത്ത് ശബരിമല വിഷയത്തിൽ പാരഡി ഗാനങ്ങൾ പാടി പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ സമരം ചെയ്യുന്ന ഇടതുപക്ഷ എംപിമാരുടെ ആത്മാർത്ഥത ജനങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്ന് പാർലമെന്‍റിന് പുറത്തെ കാഴ്ചകളെന്ന് മന്ത്രി വി ശിവൻകുട്ടി. പാർലമെന്‍റിന് പുറത്ത് ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തെയാണ് ശിവൻകുട്ടി വിമർശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറയുന്നു.
അതേസമയം തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു ഇടത് എംപിമാരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ അടുപ്പിൽ തീ പുകയണമെന്ന നിർബന്ധ ബുദ്ധിയാണ് ആ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്‍റെ പൂർണരൂപം
"പാർലമെന്‍റിന് പുറത്ത് ജനപ്രതിനിധികളിൽ നിന്ന് രാജ്യം കണ്ടത് രണ്ട് തരം കാഴ്ചകളാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി ഒരു തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ആ കാഴ്ചകൾ.
ഒരു വശത്ത്, തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള തൊഴിൽദാന പദ്ധതികൾ അവസാനിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഇടതുപക്ഷ എം.പിമാർ പാർലമെന്റിന് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോടാനുകോടി വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന നയങ്ങൾക്കെതിരെ, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പാവപ്പെട്ടവന്റെ അടുപ്പിൽ തീ പുകയണമെന്ന നിർബന്ധബുദ്ധിയാണ് ആ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നത്.
മറുവശത്തോ? യുഡിഎഫ് എംപിമാർ പാർലമെന്റിന് പുറത്ത് ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. വിശ്വാസ സംരക്ഷണത്തെക്കുറിച്ച് വാചാലരാകുന്നവർ തന്നെ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാക്ഷാൽ ശബരിമല അയ്യപ്പനെ പാരഡി കഥാപാത്രമാക്കുന്നത് എത്രമാത്രം പരിഹാസ്യമാണ്.
നാടിനെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളെപ്പോലും ലാഘവത്തോടെ സമീപിക്കുന്ന ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൊഴിലാളികൾക്കൊപ്പം നിൽക്കുന്നത് ആരാണെന്നും, ജനകീയ വിഷയങ്ങളെ പരിഹസിക്കുന്നത് ആരാണെന്നും ഈ നാട് തിരിച്ചറിയുന്നുണ്ട്. തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷം മുൻപന്തിയിൽ തന്നെയുണ്ടാകും"
