കെ റെയിലിനെ കേന്ദ്രസർക്കാർ അനുകൂലിക്കുന്നില്ല, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചെന്ന് സമരസമിതി
കെ റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ 25000ത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി റെയിൽവെ മന്ത്രിക്ക് സമർപ്പിച്ചു
ദില്ലി:
കെ റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിച്ച് കെ റെയിൽ വിരുദ്ധ സമര സമിതി.പദ്ധതി പ്രദേശത്ത് താമസിക്കുന്ന 25000ത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു. കെ റെയിൽ പദ്ധതിയെ കേന്ദ്ര സർക്കാർ അനുകൂലിക്കുന്നില്ലെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അശ്വനി വൈഷ്ണവ് അറിയിച്ചതായി സമരസമിതി രക്ഷാധികാരി ജോസഫ് എം പുതുശ്ശേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കെ റെയിലിനെ സജീവ രാഷ്ട്രീയ ചർച്ചയാക്കി നിർത്താൻ രണ്ടാം പിണറായി സർക്കാർ ശ്രമിച്ചിരുന്നില്ല. കെ റെയിലിന്റെ കാര്യത്തിൽ സർക്കാർ പ്രകടമാക്കുന്ന താത്പര്യം വീണ്ടും വെളിച്ചം കണ്ടത് മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു കൂട്ടിയ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം പ്രഥമപരിഗണന കൊടുത്തത് സിൽവർ ലൈൻ അനുമതിക്ക്. കേന്ദ്ര ബജറ്റിലും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കെ റെയിലായിരുന്നു. ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെങ്കിലും കെ റെയിൽ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നയമാണ് ഇതുവഴി വ്യക്തമായത്. ഇതോടെയാണ് കേന്ദ്ര സർക്കാരിനെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിനിധികൾ ദില്ലിയിലെത്തിയത്. നിലവിലെ ഡിപിആർ പ്രകാരം പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ 25000 പേർ ഒപ്പിട്ട ഭീമഹർജി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സമരസമിതി സമർപ്പിച്ചു. റെയിൽ ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സമരസമിതി അംഗങ്ങൾക്കൊപ്പം കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും പങ്കെടുത്തു.
കെ റെയിലിന്റെ ഡിപിആറിൽ റെയിൽവെ ഭൂമി ഉൾപ്പെടുത്തിയതിനെതിരെ റെയിൽവകുപ്പ് നേരത്തെ രംഗത്ത് വന്നിരുന്നു.കേന്ദ്ര സർക്കാരിന് പദ്ധതിയോടുള്ള താത്പര്യക്കുറവ് കൂടിക്കാഴ്ചയിൽ മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് സമരസമിതി അംഗങ്ങൾ അറിയിച്ചു.അതേസമയം വയനാട് ദുരന്തത്തിന്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ വികസനത്തിനപ്പുറം പരിസ്ഥിതിക്ക് കൂടുതൽ ഊന്നൽ നൽകിയാവും ഇനി കേന്ദ്രം കെ റെയിൽ പദ്ധതിയെ സമീപിച്ചേക്കുക.