കെ റെയിൽ വിരുദ്ധ പ്രക്ഷോഭം; സമരത്തിൻ്റെ പ്രതീകമായ തങ്കമ്മയുടെ വീടിന് തറക്കല്ലിട്ടു
തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ കെ റെയിൽ കുറ്റി നാട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പകരം വീട് വെച്ച് നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ജനകീയ സമിതി മുൻകൈയെടുത്ത് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്.
ആലപ്പുഴ: കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പ്രതീകമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കല്ലിടൽ നിർവഹിച്ചത്. ഭക്ഷണം പാചകം ചെയ്യുവാൻ ഏക ആശ്രയമായിരുന്ന തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ കെ റെയിൽ കുറ്റി നാട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്കമ്മയ്ക്ക് പകരം വീട് വെച്ച് നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം. ഈ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂണിറ്റ് മുൻകൈയെടുത്ത് തങ്കമ്മയ്ക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
കെ റെയില്‍ വിരുദ്ധ പ്രക്ഷോഭസമയത്ത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒന്നാണ് ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പില്‍ മന്ത്രി സജി ചെറിയാന്‍ സര്‍വേ കല്ല് നാട്ടിയത്. ചോര്‍ന്നൊലിക്കുന്ന വീടിന് പകരം തങ്കമ്മക്ക് മനോഹരമായ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞ് അന്ന് സജി ചെറിയാന്‍ മടങ്ങി. ഒന്നരക്കൊല്ലം കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മന്ത്രിയുടെ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് കെ റെയില്‍ വിരുദ്ധ സമര സമിതി പിരിവെടുത്ത് തങ്കമ്മയ്ക്ക് വീട് പണിയാനുള്ള ശ്രമം തുടങ്ങുന്നത്. സംഭാവന പിരിച്ച് വീട് വെച്ച് നല്‍കാനാണ് തീരുമാനം.