Asianet News MalayalamAsianet News Malayalam

'കേരളം ബനാന റിപ്പബ്ലിക്കായി', മുഖ്യമന്ത്രി ഭീരുവെന്നും ജാമ്യം നേടിയ ശബരീനാഥന്‍റെ ആദ്യ പ്രതികരണം

സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്.  കേരളത്തിന്‍റെ മുഖ്യമന്ത്രി ഭീരുവെന്നും ശബരീനാഥന്‍ പറഞ്ഞു. 

K S Sabarinathan respond after he got bail
Author
Trivandrum, First Published Jul 19, 2022, 8:29 PM IST

തിരുവനന്തപുരം: കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ എസ് ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎയുടെ പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഭീരുവെന്നും ശബരീനാഥന്‍ പറഞ്ഞു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്. 

ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ ശബരീനാഥിന്‍റെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിക്ക് കൈമാറാമെന്നായിരുന്നു ശബരീനാഥന്‍റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നു എന്നും ശബരീനാഥൻ അറിയിച്ചു. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയെ ശബരീനാഥൻ എതിർത്തു. അറസ്റ്റ് നിയമപരമായിരുന്നില്ലെന്നും വാദിച്ചു. 

കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു.10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി.11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശബരീനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. അറസ്റ്റിന് സാധ്യതയുണ്ടെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. അറസ്റ്റിനെ കുറിച്ച് പ്രോസിക്യൂഷൻ ആ സമയം വ്യക്തമായ വിവരം പറഞ്ഞതുമില്ല. ഹർജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് 11.15 ഓടെ കോടതി നിർദ്ദേശിച്ചു. ഇതിനിടെ പൊലീസുമായി സംസാരിച്ച സർക്കാർ അഭിഭാഷകൻ, മുൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ശബരീനാഥന്‍റെ അറസ്റ്റ് വിവരം പുറത്തറിഞ്ഞത്.  

Follow Us:
Download App:
  • android
  • ios