തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ  മതേതരത്വ സങ്കല്‍പം ഏറ്റവും അപകടത്തിലായ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യവശാല്‍,  രാജ്യത്തിന്‍റെ ഭരണകൂടത്തില്‍ നിന്ന് തന്നെയാണ് ഏറ്റവുമധികം ഭീഷണി മതേതരത്വം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച  പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സച്ചിദാനന്ദന്‍.

സച്ചിദാനന്‍റെ വാക്കുകളിലേക്ക്....

മതമൈത്രി അഥവാ ഗാന്ധിജിയുടെ മതേതരത്വത്തെ കുറിച്ചുള്ള സങ്കല്‍പം ഏറ്റവും അപകടത്തിലായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിഭജനത്തിന്‍റെ മുറിപ്പാടുകള്‍ അതിനുശേഷവും ഇന്ത്യന്‍ ജനതയില്‍ തുടര്‍ന്നിരുന്നുവെങ്കിലും അത് വീണ്ടും ഏറ്റവും ക്രൂരമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമാണിതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ത്തന്നെ തനിച്ച്, ജീവിച്ച്, വളര്‍ന്ന ഹിന്ദു അല്ലാത്ത വിവിധ മതങ്ങളില്‍പ്പെട്ട ആളുകളെ അന്യരായോ വിദേശികളായോ മുദ്രകുത്തുകയോ അവര്‍ക്കെതിരെ ഉപയോഗിക്കാവുന്ന രീതിയില്‍ നിയമപരമായ ആയുധങ്ങള്‍ പോലും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്. 

അതുകൊണ്ടുതന്നെ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആദ്യം അപകടത്തിലായത് അദ്ദേഹത്തിന്‍റെ സങ്കല്‍പത്തിലുള്ള മതേതരത്വമായിരുന്നു. അതിനെ സങ്കല്‍പം എന്ന് പറയുന്നത് അത് പാശ്ചാത്യ മതേതരത്വ സങ്കല്‍പ്പത്തില്‍ നിന്ന് ഭിന്നമായതുകൊണ്ടാണ്. കാരണം, ഭരണകൂടം മതപരമായ കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നത് മാത്രമല്ല ഉദ്ദ്യേശിച്ചത്, മറിച്ച് പൗരസമൂഹത്തിനകത്ത് എല്ലാ മതങ്ങളും, മതവിശ്വാസങ്ങളില്ലാത്തവര്‍ക്കും ഒന്നിച്ച് സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു സങ്കല്‍പമാണത്. ഈ രണ്ട് അര്‍ത്ഥത്തിലും മതേതരത്വം ഇന്ന് അപകടത്തിലാണ്. ഭരണകൂടം കൂടുതല്‍ കൂടുതല്‍ മതാധിപത്യപരമായി മാറുന്നു. പൗരസമൂഹത്തില്‍ മതവൈരം വളര്‍ത്തുന്ന രീതിയിലുള്ള നയങ്ങളും സമീപനങ്ങളും വര്‍ധിച്ചുവരുന്നു. മതസ്പര്‍ധയുടെ പേരിലുള്ള ലഹളകളും കൊലപാതകങ്ങളും അന്യവല്‍ക്കരണങ്ങളും വര്‍ധിച്ചു വരുന്നു. മതേതരത്വം ഏറ്റവുമധികം ഭീഷണി നേരിടുന്നത്, നിര്‍ഭാഗ്യവശാല്‍ രാജ്യത്തിന്‍റെ ഭരണകൂടത്തില്‍ നിന്നും അതിന്‍റെ പ്രത്യശാസ്ത്രങ്ങളില്‍ നിന്നുമാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.