ആർക്കെങ്കിലും യാത്രപ്പടിയേക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴിയെന്നും അങ്ങിനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തൃശൂർ: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെയുള്ള വിമർശനം കടുപ്പിച്ച് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്ക് പോയിട്ടുണ്ടെന്നും പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയേക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴിയെന്നും അങ്ങിനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിൻ്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിലെന്നും അദ്ദേഹം വിമർശിച്ചു. ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഇത് പറയുന്നതെന്നും തനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടായെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ചുള്ളിക്കാടിനെ വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് മിനിറ്റുകൾക്കകം തന്നെ സച്ചിദാനന്ദൻ പിൻവലിക്കുകയും ചെയ്തിരുന്നു.
