Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ജനസമ്പര്‍ക്കം ഇലക്ഷന്‍ സ്റ്റണ്ട്,പാര്‍ട്ടിക്ക് പിരിവു നടത്താനുള്ള അവസരം'

ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണെന്ന് സിപിഎം പറഞ്ഞുപരത്തി. ഇപ്പോള്‍ പേരിനൊരു ജനസമ്പര്‍ക്ക പരിപാടിയുമായി  രംഗത്തുവന്നത് അപഹാസ്യമാണെന്ന്  കെ.സുധാകരന്‍

k sudhakaran against CM and ministers all assembly constituency tour
Author
First Published Sep 22, 2023, 3:57 PM IST

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാര്‍ഡുകളുമായി ആയിരുന്നു. എല്ലാ ജില്ലകളിലും സിപിഎം ജനസമ്പര്‍ക്ക പരിപാടി തടയുകയും ചിലയിടങ്ങളില്‍ ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്തു. കനത്ത പോലീസ് ബന്തവസിലാണ് അന്നു പരിപാടി നടത്തിയത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് തട്ടിപ്പാണെന്നും പറഞ്ഞുപരത്തി.  ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ പേരിനൊരു ജനസമ്പര്‍ക്ക പരിപാടിയുമായി സിപിഎം രംഗത്തുവന്നത് അപഹാസ്യമാണ്.

ഉമ്മന്‍ ചാണ്ടി പതിനെട്ടും ഇരുപതും മണിക്കൂര്‍ ജനമധ്യത്തില്‍ ഉണ്ണാതെ ഉറങ്ങാതെ കണ്ണിമചിമ്മാതെ ഈ പരിപാടി നടത്തിയത് ജനങ്ങളോട്  അഗാധമായ സ്നേഹവും കരുതലും ഉള്ളതുകൊണ്ടായിരുന്നു. ഇത്തരമൊരു പരിപാടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നു. രണ്ടു മണിക്കൂര്‍ പോലും അദ്ദേഹത്തിന് ജനങ്ങളോടൊത്ത് സഹവസിക്കാനാകില്ല.  പ്രമുഖരുമായി  കൂടിക്കാഴ്ചയും ഭക്ഷണവുമൊക്കെയായി പഞ്ചനക്ഷത്ര പരിപാടിയായിട്ടാണ് സിപിഎം ഇതു നടത്തുന്നത്. പരമാവധി പിരിവു നടത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് അവസരം നല്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി  ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം ആയിരക്കണക്കിനാളുകള്‍ക്ക് 2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റതിനെ തുടര്‍ന്ന്   നിഷേധിച്ചിരുന്നു. ഇതിനെതിരേ ഉമ്മന്‍ ചാണ്ടി പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അതെല്ലാം കുട്ടയിലിടുകയാണു ചെയ്തതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios