പിഎസ്‌സി അംഗത്വ കോഴ വിവാദം: ഒതുക്കാന്‍ നീക്കമെന്ന് കെ സുധാകരന്‍, 'അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദുരൂഹത'

പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്‍റെ  ഉത്തരവാദിത്തമാണ്

k sudhakaran against delay in announcing psc bribe allegation

തിരുവനന്തപുരം: പി.എസ്.സി അംഗത്വത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന് പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആരോപിച്ചു. 

ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ അടപടലെ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എമാരുടെയും പേര് പറഞ്ഞ് പണം കൈപ്പറ്റിയെന്നതാണ് ആരോപണം. അതിനാല്‍ ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിധി പ്രഖ്യാപിക്കാഇ ഇത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു. 

നിലവിലുള്ള പിഎസ് സി അംഗങ്ങളില്‍ എത്രപേര്‍ ഇത്തരത്തില്‍ കോഴ നിയമനത്തിലൂടെ കയറിയവരാണ് എന്നുകൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴ നല്‍കി പി.എസ്.സി അംഗത്വം നേടുന്നവര്‍ നിയമന തട്ടിപ്പിലൂടെ ആയിരിക്കണം ഇത്തരം പണം വസൂലാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന പല നിയമന തട്ടിപ്പുകളുടെയും പിന്നില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോയെന്നത് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവാണ്. ഭരണത്തിലെ ഉന്നതന്റെ പിന്തുണയില്ലാതെ ഈ നേതാവ് ഇത്ര വലിയ തുക കോഴയായി വാങ്ങുമെന്ന് ആരും വിശ്വസിക്കുന്നില്ല. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ കാര്യമായ പുരോഗതി അന്വേഷണത്തിലില്ല. അതിന് കാരണം മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട മന്ത്രിയാണ് ആരോപണത്തിന്റെ പുകമറയില്‍ നില്‍ക്കുന്നത് എന്നതാണ്.  സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനാലാണ് അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഭരണം ലഭിച്ചത് മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി സിപിഎമ്മില്‍ സമാന്തര റിക്രൂട്ട്മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണെന്ന് സുധാകരന്‍ ആരോപിച്ചു. ഇ പി ജയരാജന് മുന്‍പ് മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നതും പിന്‍വാതില്‍ നിയമനത്തിന്റെ പേരിലാണ്. തെറ്റായവഴിയിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോക്കസ് സിപിഎമ്മിലുണ്ട്. അതില്‍ അവരുടെ ഉന്നത നേതാക്കള്‍ വരെയുണ്ട്. സഖാക്കളില്‍ പലര്‍ക്കും പണത്തോട് ആര്‍ത്തിയാണെന്ന സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കണ്ടെത്തലും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. സിപിഎമ്മിലെ ഇത്തരം കളപറിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ്, എന്തു നെറികേട് നടത്തിയും പണം സമ്പാദിക്കാന്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും റോള്‍മോഡലായ മുഖ്യമന്ത്രിയെ തിരുത്താനുള്ള തന്റേടമാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ കാട്ടേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios