വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് . തൊഴിലാളികളോട് മാപ്പുപറയാൻ തയ്യാറാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു,
കണ്ണൂര്‍: വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും വിശ്വാസികളെ അംഗീകരിച്ചെ മുന്നോട്ട് പോകാനാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം വി ഗോവിന്ദന്‍റെ പ്രസ്ഥാവനയെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എംവി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോഴാണ്. പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ് വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ലെന്നത്. തൊഴിലാളികളോട് മാപ്പുപറയാൻ തയ്യാറാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
ശബരിമല കരട് യുഡിഎഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. ഭരണ ഘടനയ്ക്ക് ഇടപെടാൻ ഭക്തി പൊതു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമലയ്ക്ക് അനുകൂലമായി കോൺഗ്രസിനകത്ത് നിന്ന് ആദ്യ വെടി പൊട്ടിച്ചത് താനാണ്. ഇത് പറയുന്നത് ഏതെങ്കിലും തരത്തിലുള്ള അവകാശവാദത്തിന് അല്ല. ശബരിമലയിൽ എ ഐ സി സി നിലപാടും ഇപ്പോൾ വിശ്വാസികൾക്ക് അനുകൂലമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്നത് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യം ആണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും കെ സുധീകരൻ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒപ്പീനിയൻ പോളിൽ 87 ശതമാനം പേരും KPCC പ്രസിഡൻ്റ് സ്ഥാനത്ത് തൻ്റെ പേരാണ് പറഞ്ഞത്. ഇതോടെ തനിക്കുള്ള പിന്തുണ വ്യക്തമായിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാൽ എതിരാളിയെ വിമർശിച്ചപ്പോൾ സ്വന്തം പാർട്ടി നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ വേദനയുണ്ടായി. പാർട്ടി തിരുത്തിയപ്പോൾ സന്തോഷമുണ്ടായി. കെ പി സി സി പദവി മാത്രം ലക്ഷ്യം വച്ചല്ല പ്രവർത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആർക്കും ഇപ്പോൾ പരാതിയൊന്നുമില്ല. സംഘടന തെരഞ്ഞെടുപ്പ് നടത്താതെ കോൺഗ്രസിന് രക്ഷയില്ലെന്ന് രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ പറഞ്ഞെന്നും കെ സുധാകരൻ പറഞ്ഞു,
