Asianet News MalayalamAsianet News Malayalam

'പുതിയൊരു മുഖ്യൻ അവതാരമെടുത്തിട്ടുണ്ട്, അത് ക്ലിഫ് ഹൗസിൽ വച്ചാൽ മതി'; 1987 ആവർത്തിച്ചാൽ തീക്കളിയാകും: സുധാകരൻ

'അമ്മായിയപ്പന്‍ - മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്, പുതിയ അവതാരത്തോടുള്ള പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല'

k sudhakaran against pinarayi vijayan and mohammed riyas asd
Author
First Published Mar 15, 2023, 8:11 PM IST

തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് നടന്ന സംഭവങ്ങളിൽ ഇടത് എം എൽ എമാർക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. സി പി എമ്മില്‍ നിന്നു പുറത്തുപോയ എംവി രാഘവനെ 1987 ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി പി ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണ് ചിലർ കെ കെ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്. 87 ൽ എം വി രാഘവനെ 15 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മര്‍ദിച്ച സി പി എം എം എല്‍ എ മാര്‍ക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സി പി എം അതാണ് വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതു തീക്കളിയായിരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. 'മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ട്, അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി, സിപിഎമ്മിലെ പരിണിതപ്രജ്ഞരായ എംഎല്‍എമാരെയും സമര്‍ത്ഥരായ യുവനേതാക്കളെയുമെല്ലാം വെട്ടിനിരത്തി ഇദ്ദേഹം അധികാരശ്രേണി കയറിയതിന്റെ പിന്നാമ്പുറങ്ങള്‍ നാട്ടില്‍പാട്ടാണ്, അമ്മായിയപ്പന്‍ - മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്, പുതിയ അവതാരത്തോടുള്ള  പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല' - എന്നായിരുന്ന സുധാകരന്‍ ഇക്കാര്യത്തിൽ പറഞ്ഞത്.

'പറഞ്ഞ പോലെ' വേനൽമഴ എത്തി, പത്തനംതിട്ടയിലും കോട്ടയത്തും വിവിധ ഇടങ്ങളിൽ മഴ; രാത്രി കൂടുതൽ ജില്ലകളിൽ സാധ്യത

സുധാകരന്‍റെ വാക്കുകൾ

സി പി എമ്മില്‍ നിന്നു പുറത്തുപോയ എംവി രാഘവനെ 1987ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ടി പി ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണവര്‍ കെ കെ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചത്. ബോധരഹിതനായ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയെ ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്. എ കെ എം അഷറഫ്, ടി വി ഇബ്രാഹിം, എന്നിവര്‍ക്ക് പരിക്കേറ്റു. എല്‍ ഡി എഫ് എം എല്‍ എമാരായ എച്ച് സലാമും സച്ചിന്‍ദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ചു. പ്രതിഷേധം കനത്തപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എം എല്‍ എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു.

സി പി എം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എം വി രാഘവനെ 15 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുകയും മര്‍ദിച്ച സി പി എം എം എ ല്‍എമാര്‍ക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സി പി എം അതാണ് വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതു തീക്കളിയായിരിക്കും. യുഡിഎഫ് എം എല്‍ എമാരെ മര്‍ദിച്ച ഇടത് എം എല്‍ എമാര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ തുടര്‍ച്ചയായി അവതരണാനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂള്‍ 50 നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണ്. ബ്രഹ്‌മപുരത്ത് തീകത്തി 13 ദിവസം കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി വായ് തുറന്നത്. ഇതിനിടെ മുഖ്യമന്ത്രി ആകെ ഒരു മീറ്റിംഗ് മാത്രമാണ് വിളിച്ചു കൂട്ടിയത്. കൊച്ചിയെ ഗ്യാസ് ചേംബറിലേക്ക് തള്ളിവിട്ടതില്‍ മുഖ്യമന്ത്രിയുടെ നിശബ്ദതയും നിസംഗതയും വലിയ പങ്കുവഹിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോള്‍ അങ്ങോട്ട് തിരിഞ്ഞ് നോക്കാതെയും ഒരക്ഷരം ഉരിയാടെതെയും ക്ലിഫ് ഹൗസില്‍ ഒളിച്ച  മുഖ്യമന്ത്രിയുടെ സഭയിലെ എഴുതി തയ്യാറാക്കിയ പ്രസ്താവന കേട്ട് പുളകം കൊള്ളാന്‍ സിപിഎം അനുഭാവികള്‍ക്കും ന്യായീകരണ തൊഴിലാളികള്‍ക്കും സാധിക്കുമായിരിക്കും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കുറ്റവാളികളെ രക്ഷിക്കാനുള്ള കുറുക്കുവഴിമാത്രമാണ്. നഗരസഭയുടെ 16 കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി 54 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയതും നടപടിക്രമങ്ങള്‍ ലംഘിച്ച് സിപിഎം നേതാവിന്റെ  മരുമകന്റെ കമ്പനിക്ക് കരാര്‍ നല്‍കിയതും ഇതേ സര്‍ക്കാരാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ വിഴിഞ്ഞത്ത് ഏറെ വൈകിയെത്തിയ മുഖ്യമന്ത്രിയെ നാട്ടുകാര്‍ ഓടിച്ച ചരിത്രം കൊച്ചിയില്‍ ആവര്‍ത്തിച്ചാല്‍ ആര്‍ക്കാണ് കുറ്റംപറയാന്‍ കഴിയുകയെന്ന്  സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ട്. അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി. സിപിഎമ്മിലെ പരിണിതപ്രജ്ഞരായ എംഎല്‍എമാരെയും സമര്‍ത്ഥരായ യുവനേതാക്കളെയുമെല്ലാം വെട്ടിനിരത്തി ഇദ്ദേഹം അധികാരശ്രേണി കയറിയതിന്റെ പിന്നാമ്പുറങ്ങള്‍ നാട്ടില്‍പാട്ടാണ്. അമ്മായിയപ്പന്‍ - മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. പുതിയ അവതാരത്തോടുള്ള  പാര്‍ട്ടിക്കുള്ളിലുള്ള  എതിര്‍പ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും  അത്ഭുതപ്പെടേണ്ടതില്ല.

സ്വപ്‌ന സുരേഷിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത പാര്‍ട്ടി സെക്രട്ടറിയെ  ആയിരംവട്ടം മാതൃകയാക്കേണ്ടത് മുഖ്യമന്ത്രിയാണ്. തുടര്‍ച്ചയായി ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടും ബധിരനും മൂകനുമായി അഭിനയിക്കുന്ന മുഖ്യന്ത്രി, പാര്‍ട്ടി സെക്രട്ടറിയുടെ നടപടി കാണാതെ പോകരുത്. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, കെടി ജലീല്‍ തുടങ്ങിയവരും പാര്‍ട്ടി സെക്രട്ടറിയെ മാതൃകയാക്കണം. അപഹാസ്യരായി ജനങ്ങളുടെ മുന്നില്‍ നില്ക്കുന്നവര്‍ക്ക് അല്പമെങ്കിലും സ്വയംപ്രതിരോധിക്കാനുള്ള കച്ചിത്തുറുമ്പാണിതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios