Asianet News MalayalamAsianet News Malayalam

Sudhakaran Against Tharoor : തരൂർ ലോകം കണ്ട നേതാവ്, പക്ഷേ ഇരിക്കുന്നിടം കുഴിക്കാൻ സമ്മതിക്കില്ല: കെ.സുധാകരൻ

വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ കോണ്ഗ്രസിൽ ധാരാളമുണ്ട്. അതൊക്കെ ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ്. പക്ഷേ ആത്യാന്തികമായി എല്ലാവരും തന്നെ പാർട്ടിക്ക് വിധേയാരായിരിക്കണം. കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തരൂരിനോട്  വിശദീകരണം തേടിയിട്ടുണ്ട്. 

K Sudhakaran against shashi tharoor on his stand in KRail
Author
Thiruvananthapuram, First Published Dec 18, 2021, 11:55 AM IST

തിരുവനന്തപുരം:  കെറെയിൽ പദ്ധതിയിൽ മുന്നണിക്കും പാർട്ടിക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.  പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ അവർ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരുമെന്നും ശശി തരൂരിനോടും തങ്ങൾക്കുള്ള അഭ്യർത്ഥന അതാണെന്നും സുധാകരൻ തുറന്നടിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തരൂരിനോടുള്ള നിലപാട് സുധാകരൻ വ്യക്തമാക്കിയത്. 

വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ കോണ്ഗ്രസിൽ ധാരാളമുണ്ട്. അതൊക്കെ ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ്. പക്ഷേ ആത്യാന്തികമായി എല്ലാവരും തന്നെ പാർട്ടിക്ക് വിധേയാരായിരിക്കണം. കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തരൂരിനോട്  വിശദീകരണം തേടിയിട്ടുണ്ട്. നേരിൽ കാണാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ. കേവലം കോണ്ഗ്രസ് പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ആളാണ് തരൂർ. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ഒരു പാർട്ടി പ്രവർത്തകനെന്ന പാർട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും തയ്യാറാവണം എന്നാണ് എനിക്ക് ഞങ്ങൾക്ക് അദ്ദേഹത്തോടുള്ള അഭ്യർത്ഥന. ശശി തരൂർ ലോകം കണ്ട നേതാവാണ് എന്നാൽ ഇരിക്കുന്നിടം കുഴിക്കാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല - സുധാകരൻ പറഞ്ഞു. 

സുധാകരൻ്റെ വാക്കുകൾ - 

കെ-റെയിൽ പദ്ധതിയിൽ ജനങ്ങൾ അമ്പരപ്പിലാണ്. ആവശ്യമായി വേണ്ട പാരിസ്ഥിതിക പഠനം പോലും സ‍ർക്കാർ ഇതുവരെ നടത്തിയിട്ടില്ല. തീ‍ർത്തും അശാസ്ത്രീയമായ പദ്ധതിയാണിത്. പദ്ധതിക്ക് പോരായ്മകൾ ഇല്ലെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടത് ജനാധിപത്യ സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. പദ്ധതിക്കായി സ്ഥലമേറ്റെടുത്താൽ മാത്രമേ വിദേശഫണ്ട് കിട്ടൂ. അതിന് വേണ്ടിയാണ് തിടുക്കപ്പെട്ട് 80 ശതമാനം കല്ലിടുന്നത്. എന്നാൽ സിപിഎം പ്രവ‍ർത്തകർ അടക്കം കല്ലിടല്ലിനെ എതിർക്കുകയാണ്. വികസനമാണ് സ‍ർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ അത് ജനസമൂഹത്തിന് ആവശ്യമുള്ള വികസനമാകണം. ബുള്ളറ്റ് ട്രെയിനിനെ എതിർത്തയാളാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 

വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം കേരളത്തിന് ശാപമാവാൻ പാടില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കളും ആശ്രിതരുമാണ് കെ-റെയിലിൻ്റെ താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവർ. ജോൺ ബ്രിട്ടാസിൻ്റെ ഭാര്യയാണ് കെ റെയിൽ ജനറൽ മാനേജ‍ർ. ആനാവൂരിൻ്റെ ബന്ധു കമ്പനി സെക്രട്ടറി. എംഡി അജിത് കുമാറിൻ്റെ ഭാര്യയുടെ വീടാണ് ഓഫീസായി വാടകക്ക് എടുത്തത്. കാനത്തിൻ്റെ അഭിപ്രായം സിപിഐയുടെ അഭിപ്രായമല്ല. ബിനോയ് വിശ്വം തന്നെ പരസ്യ നിലപാട് എടുത്തു. വിഷയത്തിൽ ജനമനസ് അറിയാനുള്ള സർവ്വേ നടത്തണം. ഈ വെളളിലൈൻ എല്ലാവർക്കും വെള്ളിടിയാകും. 

കോൺഗ്രസിൽ പല അഭിപ്രായങ്ങളുണ്ടാകും. വിഷയത്തിൽ ശശി തരൂരിനോട് നേരിട്ട് കണ്ട് സംസാരിക്കും. ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല. തരൂരിനോട് നേരിട്ട് കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺ​ഗ്രസ് കെ-റെയിൽ പദ്ധതിക്കെതിരല്ല. എന്നാൽ എന്താണ് പദ്ധതിയെന്ന് സ‍ർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. 

മുസ്ലീംലീ​ഗ് വലിയ വർഗീയ പാർട്ടിയാണെങ്കിൽ എന്തിനാണ് സഖ്യമായി ഭരിച്ചത്. അവസരവാദപരമായ നിലപാടാണിത്.  കെഎം മാണിക്കെതിരെ ശിവൻകുട്ടി നടത്തിയ കൂത്ത് കണ്ടതാണ്.  അവസരത്തിന് ആരെ കൂട്ടിയാലും കരിമീൻ പോലെ അവ‍ർ ഭക്ഷിക്കും. ലീഗിലെ പലരെയും സ്വാധീനിക്കാൻ ശ്രമിച്ചു.  ലീഗിന് കാര്യങ്ങൾ പറയാൻ അവകാശമില്ലേ. എന്തിനാണ് ഇത്രയും അസഹിഷ്ണുത.

കോൺഗ്രസ് പുനസംഘടന ഉടൻ നടക്കും. പാ‍ർട്ടിയെ പൂർണ്ണമായും പുനസംഘടിപ്പിക്കും. എല്ലാവരുമായും ചർച്ച ചെയ്തു കൊണ്ട് മുന്നോട്ട് പോകും.  ഉമ്മൻ ചാണ്ടിയോടും രമേശിനോടും യാതൊരു ശത്രുതയില്ല. എല്ലാവരോടും അഭിപ്രായം പറയും. അവരും നിർദ്ദേശങ്ങൾ തരുന്നുണ്ട്. കെപിസിസിയുടെ  രാഷ്ട്രീയകാര്യ സമിതിയുടെ യോ​ഗവും ഉടൻ വിളിക്കും. 
 

Follow Us:
Download App:
  • android
  • ios