കാൽനൂറ്റാണ്ടായി മണ്ഡലത്തിൽ തോറ്റ് ക്ഷീണിക്കുന്ന സിപിഐ ഇക്കുറി ജില്ലയ്ക്ക് പുറത്തു നിന്ന് വി ഡി സതീശന് ഒരു എതിരാളിയെ കൊണ്ടു വരുന്ന കാര്യവും പരിഗണിക്കുന്നു
കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വടക്കൻ പറവൂരിൽ ആരെ മൽസരിപ്പിക്കണമെന്നോർത്ത് തല പുകയ്ക്കുകയാണ് എറണാകുളത്തെ ഇടതു മുന്നണി. സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും നിലവിൽ അതിന് സാധ്യതയില്ല. കാൽനൂറ്റാണ്ടായി മണ്ഡലത്തിൽ തോറ്റ് ക്ഷീണിക്കുന്ന സിപിഐ ഇക്കുറി ജില്ലയ്ക്ക് പുറത്തു നിന്ന് സതീശ് എതിരാളിയെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
പാലിയം സമരം മുതൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഏടിൽ ഇടതുപക്ഷത്തിന്റെ വേരുറപ്പുള്ള മണ്ണാണ് വടക്കൻ പറവൂർ. എന്നാലിന്നത് ഒരു സിപിഐ മണ്ഡലമല്ല. എഴുപതുകളിൽ വിജയിച്ചിട്ടുണ്ടെങ്കിലും അതൊരു കോൺഗ്രസ് മണ്ഡലവുമായിരുന്നില്ല. പക്ഷേ കഴിഞ്ഞ 25 വർഷമായി അതൊരു വി ഡി സതീശൻ മണ്ഡലമാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് വടക്കൻ പറവൂരിനെ വി ഡി സതീശൻ ഉറപ്പിച്ച് നിർത്തുന്നത്. സംസ്ഥാനത്തെ ഏത് യുഡിഎഫ് വിരുദ്ധ തരംഗത്തിലും, സിപിഐ സ്ഥാനാർത്ഥികളായി വമ്പന്മാരടക്കം എത്തിയിട്ടും സതീശന് മുന്നിൽ അടിപതറി.1996 ൽ കന്നി മത്സരത്തിൽ മരട് നെട്ടൂരിൽ നിന്നെത്തി നേരിയ വോട്ടുകൾക്ക് തോറ്റ് പോയ ആ മുപ്പത്തിയൊന്ന് വയസ്സുകാരൻ അവിടെ നിന്ന് ഇങ്ങോട്ട് മണ്ഡലം പിടിച്ചെടുത്തു.
2006ലെ വി എസ് അനുകൂല കാറ്റിലും, 2011ൽ പന്ന്യൻ രവീന്ദ്രൻ എതിരാളിയായപ്പോഴും, വടക്കേക്കര മണ്ഡലം ഇല്ലാതായി കൂടുതൽ ഇടത് മേഖലകൾ പറവൂരിലെത്തിയപ്പോഴും, ക്ഷേത്ര സ്വത്ത് വിവാദത്തിൽ സതീശനെ തോൽപിക്കാൻ കച്ചക്കെട്ടി വെള്ളാപ്പള്ളി നടേശൻ പറവൂരിലെത്തിയ 2016ലും സതീശൻ വോട്ടുകൾ കുലുങ്ങിയില്ല.
2001ലെ കന്നി ജയത്തിൽ നേടിയ 7434 വോട്ട് ഭൂരിപക്ഷം 2021ൽ 21,301 വോട്ടുകളാക്കിയപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലും സതീശന്റെ ഗ്രാഫ് കുത്തനെ ഉയരത്തിലായി.അന്ന് ജയിച്ചാൽ മന്ത്രിയാകുമോ എന്നാണ് ചോദ്യമെങ്കിൽ ഇന്നത് മുഖ്യമന്ത്രി ആകുമോ എന്നാണ്.
സിപിഐക്ക് തുടർച്ചയായ പരാജയങ്ങൾ
തുടർച്ചയായ പരാജയങ്ങളിൽ സിപിഐക്ക് മനം മടുത്തു. സിപിഎമ്മുമായി വെച്ച് മാറി ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ഉള്ളിലുണ്ട്. എന്നാൽ നായർ ലത്തീൻ ഭൂരിപക്ഷത്തിൽ ഒരു പറവൂർ ഫോർമുല ഒത്തുവരണം. ഇക്കുറി അത് മാത്രം പോരാ വി ഡി സതീശന് പോന്ന എതിരാളിയാകണം. സിപിഎം നേതാവ് മുൻ കൗൺസിലർ കെ ജെ ഷൈനിന്റെ പേരാണ് മണ്ഡലത്തിൽ ഒരു വേള ഉയർന്ന് കേട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോൺഗ്രസിനെതിരായ സമരങ്ങളിൽ മണ്ഡലത്തിൽ സജീവമായിരുന്നു ഷൈൻ.എന്നാൽ ജില്ല സംസ്ഥാന നേതൃനിരയിൽ കെ ജെ ഷൈനിനായി ഒറ്റ അഭിപ്രായമില്ല. പറവൂർ സ്വദേശിയായിട്ടും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കെ ജെ ഷൈനിന് കഴിഞ്ഞിരുന്നില്ല. ജില്ലയിൽ പെരുന്പാവൂരിലടക്കം ഘടകകക്ഷികളുമായി സീറ്റ് വെച്ച് മാറാനുള്ള സാധ്യത സിപിഎം പരിശോധിച്ച് തുടങ്ങിയെങ്കിലും വടക്കൻ പറവൂർ ആദ്യപരിഗണനയില്ലില്ല.ഇതോടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ആദ്യഘട്ട ചർച്ചകളിലേക്ക് സിപിഐ കടന്നു. പറവൂരിൽ തർക്കങ്ങൾ പാരമ്യതിയിലെത്തിയ വർഷമായതിനാൽ സ്ഥാനാർത്ഥിയെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല സിപിഐക്ക്.തൃശൂരിൽ നിന്ന് വി.എസ്.സുനിൽകുമാർ പറവൂരിലെത്തുമെന്ന പ്രചരണങ്ങൾ ജില്ലാ നേതൃത്വം സമ്മതിക്കുന്നുമില്ല.
എട്ടിൽ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ്
മണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫിനാണ് ഭരണം. പറവൂരിൽ സതീശനുണ്ടാക്കിയെടുത്ത വ്യത്യസ്തമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ഭൂരിപക്ഷമുയർത്തിയുള്ള മുന്നേറ്റത്തിന് പിന്നിൽ. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും പാർട്ടി മാനേജർമാരുമുണ്ട്. വോട്ടർ പട്ടിക മുതൽ സ്ക്വാഡ് പ്രവർത്തനങ്ങളിൽ വരെ ഈ പ്രൊഫഷണൽ ശൈലിയാണ് വിജയരഹസ്യത്തിൽ പ്രധാനം. എന്നാൽ പുനർജനി ഫണ്ടിലെ വിജിലൻസ് കേസടക്കം ഉയർത്തി ആക്രമണ ശൈലിയിൽ പ്രചാരണമാണ് എൽഡിഎഫിന്റെ മനസ്സിൽ.
നേർക്ക് നേർ പോന്ന സ്ഥാനാർത്ഥിയെ കണ്ടെത്തിയില്ലെങ്കിൽ പ്രതിപക്ഷത്തിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മൂർച്ച കുറവെന്ന പഴി കൂടി ഇടതുമുന്നണിക്ക് കേൾക്കേണ്ടി വരും. അവസാനവട്ട ചർച്ചകളിൽ സിപിഎം സീറ്റ് ഏറ്റെടുത്ത് സർപ്രൈസ് സ്ഥാനാർത്ഥിക്കായി വഴിയൊരുക്കുമോ എന്നതും ഈ ഘട്ടത്തിൽ ആകാംക്ഷയാണ്.



