Asianet News MalayalamAsianet News Malayalam

'ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്'; മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്ന് അബ്‍ദു റബ്ബ്

'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്‍ദു റബ്ബ് കുറിച്ചു

k sudhakaran bjp controversy p k abdu rabb fb post
Author
First Published Nov 9, 2022, 6:18 PM IST

മലപ്പുറം: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉയരുമ്പോള്‍ ചര്‍ച്ചയായി മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്‍ദു റബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്‍എസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അബ്‍ദു റബ്ബ് ഉയര്‍ത്തിയിരിക്കുന്ന സുപ്രധാന ചോദ്യം.

'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്‍ദു റബ്ബ് കുറിച്ചു. കെ സുധാകരന്‍റെ പേര് പറഞ്ഞില്ലെങ്കിലും ആര്‍എസ്എസ്  ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടുള്ള കടുത്ത അമര്‍ഷം അബ്‍ദു റബ്ബിന്‍റെ പ്രതികരണത്തില്‍ വ്യക്തമാണ്. 

പി കെ അബ്‍ദു റബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

RSS ൻ്റെ മൗലികാവകാശങ്ങൾക്കു 
വേണ്ടി ശബ്ദിക്കാൻ,
RSS ൻ്റെ ശാഖകൾക്കു സംരക്ഷണം 
നൽകാൻ..
RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു
വില കൽപ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങൾക്കും,
മർദ്ദിത പീഢിത വിഭാഗങ്ങൾക്കും 
ജീവിക്കാനും, വിശ്വസിക്കാനും, 
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും 
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ
ഉൻമൂലനം ചെയ്യാൻ
പദ്ധതിയിടുകയും ചെയ്യുന്ന 
RSS നെ സംരക്ഷിക്കേണ്ട 
ബാധ്യത ആർക്കാണ്.
RSS അന്നും, ഇന്നും RSS
തന്നെയാണ്.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് 
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
RSS കാരൻ വെടിയുതിർത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.

ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'സിപിഎം ഓഫീസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷിച്ച ചരിത്രം ഉണ്ട്', രാഷ്ട്രീയ ലാഭം നോക്കാത്ത ശീലം തുടരും: സുധാകരൻ

Follow Us:
Download App:
  • android
  • ios