ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. 

 ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് അഭിപ്രായം. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു. 

ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാകട്ടെ ഉപതരെഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കാൻ തീരുമാനമെടുത്തതാണ്. ആദരവ് വേറെ , രാഷ്ട്രീയമത്സരം വേറെ എന്ന നിലയ്ക്ക് സുധാകരൻറെ ആവശ്യം തള്ളാൻ തന്നെയാകും ഇടത് തീരുമാനം. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോൺഗ്രസ് അങ്ങിനെ ചെയ്ത പാരമ്പര്യം പറയാമോ എന്നാണ് ഇപി ജയരാജന്റെ തിരിച്ചുള്ള ചോദ്യം . 

ആരാകും ഒസിയുടെ പിൻഗാമി എന്നതിൽ കോൺഗ്രസ് നിരയിൽ അനൗദ്യോഗിക ചർച്ച മുറുകി. വിലാപയാത്രയിലുടനീളം ഒഴുകിയെത്തിയ ജനങ്ങളോട് കൈ കൂപ്പി നീങ്ങിയ മകൻ ചാണ്ടി ഉമ്മൻറ പേര് തന്നെയാണ് സജീവപരിഗണനയിൽ. മകൾ അച്ചുവിനറെ പേരും ചിലരുടെ മനസിലുണ്ട്.