കണ്ണൂർ: കെപിസിസി അധ്യക്ഷൻ ആകാൻ താൽപ്പര്യം പരസ്യമായി പ്രകടിപ്പിച്ച് കെ സുധാകരൻ എംപി. അധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരമൊന്നും ഇതുവരെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന നേതാവ് കെ വി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായി ഉയർന്നിരുന്നു. കെ സുധാകരനോ കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളിൽ നിന്നും ഉയർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവർക്കും അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയർന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരൻ പരസ്യമായി വ്യക്തമാക്കിയത്.