അര്‍ഹതയും കഴിവും ഉള്ളവരെ നേതൃനിരയിലെത്തിക്കും. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: തന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍​ഗ്രസിനെ തിരികെ കൊണ്ടുവരും, ​ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്നാണ് വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിക്കും. അര്‍ഹതയും കഴിവും ഉള്ളവരെ നേതൃനിരയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്‍റായി സുധാകരനെ തിരഞ്ഞെടുത്തെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം. 

നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ട് സുധാകരനെ വിളിച്ചറിയിക്കുകയായിരുന്നു. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.