കേന്ദ്രധന കാര്യ സഹമന്ത്രി പങ്കജ് ചൗദരി നല്‍കിയ ഉത്തരമാണ് കെ സുധാകരന്‍ എംപി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ദില്ലി: ഇന്ധന വിലയിലെ കേന്ദ്ര നികുതി സംബന്ധിച്ച് ലോക്സഭയില്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരവുമായി കെ സുധാകരന്‍. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2021 ജൂലൈ 1ന് കേന്ദ്രം ചുമത്തിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ എന്തെല്ലാം, ഇതേ നികുതികള്‍ 2015 ജൂലൈ 1ന് എത്രയായിരുന്നു എന്നുമാണ് കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ സുധാകരന്‍ ലോക്സഭയില്‍ ചോദിച്ച ചോദ്യം. 

ഇതിന് കേന്ദ്രധന കാര്യ സഹമന്ത്രി പങ്കജ് ചൗദരി നല്‍കിയ ഉത്തരമാണ് കെ സുധാകരന്‍ എംപി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജൂലൈ 1, 2021 ന് കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും, സെസുകളും അടക്കം ബ്രാന്‍റഡ് അല്ലാത്ത പെട്രോളിനും 32.90 രൂപയും, ബ്രാന്‍റഡ് പെട്രോളിന് 34.10 രൂപയുമാണ് ഈടാക്കുന്നത്. അതേ സമയം ഒരു ലിറ്റര്‍ ബ്രാന്‍റഡ് അല്ലാത്ത ഡീസലിന് കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും സെസും ചേര്‍ത്ത് നല്‍കേണ്ടത് 31.80 രൂപയാണ്, ഇത് ബ്രാന്‍റഡില്‍ എത്തുമ്പോള്‍ 32.20 രൂപയാകും.

Scroll to load tweet…

ഇതേ സമയം 2015 ജൂലൈ ഒന്നിലെ കണക്ക് നോക്കിയാല്‍ ഇതേ കേന്ദ്ര നികുതി, ബ്രാന്‍റഡ് പെട്രോളിന് 18.64 രൂപയും, ബ്രാന്‍റഡ് അല്ലാത്ത പെട്രോളിന് 17.46 രൂപയുമായിരുന്നു. ഡീസലിലേക്ക് വന്നാല്‍ ഇത് ബ്രാന്‍റഡിന് 12.62 രൂപയും, ബ്രാന്റഡ് അല്ലാത്ത ഡീസലിന് 10.26 രൂപയും ആയിരുന്നു. 

ബിജെപിയെ രണ്ട് തവണ തെരഞ്ഞെടുത്തപ്പോള്‍ അവര്‍ പെട്രോളിയം നികുതി ഇരട്ടിയായി കൂട്ടിയെന്നാണ് ഇത് സംബന്ധിച്ച് കെ സുധാകരന്‍ എംപി ട്വീറ്റ് ചെയ്തിരിക്കുന്നത്.