ഒരിക്കല്‍ അതിരാവിലെ സുധാകരന്റെ അടുത്ത സുഹൃത്തായ ആള്‍ എന്റെ വീട്ടിലെത്തി. സ്വാഭാവികമായും ഞാന്‍ ആശ്ചര്യപ്പെട്ടു. രാഷ്ട്രീയമായി എന്റെ എതിര്‍ചേരിയിലാണ്. കണ്ണൂരിലെ ഒരു രീതി വെച്ച് നിങ്ങള്‍ക്കറിയാമല്ലോ. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിടുന്നുണ്ടെന്ന് പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി സുധാകരന്റെ അടുത്ത സുഹൃത്തും ഫിനാന്‍സ്യറുമായിരുന്നയാള്‍ തന്നോട് വെളിപ്പെടുത്തിയതായി പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

''ഒരിക്കല്‍ അതിരാവിലെ സുധാകരന്റെ അടുത്ത സുഹൃത്തായ ആള്‍ എന്റെ വീട്ടിലെത്തി. സ്വാഭാവികമായും ഞാന്‍ ആശ്ചര്യപ്പെട്ടു. രാഷ്ട്രീയമായി എന്റെ എതിര്‍ചേരിയിലാണ്. കണ്ണൂരിലെ ഒരു രീതി വെച്ച് നിങ്ങള്‍ക്കറിയാമല്ലോ. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിടുന്നുണ്ടെന്ന് പറഞ്ഞു. വല്ലാത്ത പ്രകൃതക്കാരനാണ് സുധാകരന്‍. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഇത് പഞ്ചാബല്ലെന്നും നാട് കത്തുന്ന വിഷയമാകുമെന്നും അയാള്‍ സുധാകരനെ ഉപദേശിച്ചു. എങ്കിലും സുധാകരനെ വിശ്വാസമില്ലാത്തതിനാല്‍ എനിക്ക് മുന്നറിയിപ്പ് തരാന്‍ വന്നതാണ്. ഞാന്‍ ആരോടും പറഞ്ഞില്ല. അക്കാലത്ത് കുട്ടികളെ കൈപിടിച്ച് സ്‌കൂളിലാക്കുന്നത് ഭാര്യയാണ്. അവര്‍ക്ക് ഈ വിവരമറിഞ്ഞാല്‍ മനസ്സമാധാനമുണ്ടാകുമോ. മകന്‍ അക്കാലത്ത് തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലും മകള്‍ കോണ്‍വെന്റ് സ്‌കൂളിലും പഠിക്കുകയാണ്. സെന്റ് ജോസഫിലാണ് ഭാര്യ പഠിപ്പിക്കുന്നത്. 

എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ചോദിച്ചു. വരുന്നത് വരുന്നിടത്തുവെച്ച് കാണാമെന്നും പറഞ്ഞു. താന്‍ ഈ വിഷയം ആരോടും പറഞ്ഞില്ല. ഇതെല്ലാം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതുണ്ടാകും. ആ മോഹങ്ങള്‍ കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് ഇതുവരെ സുധാകരന്റെ അനുഭവമാണ്''. -പിണറായി പറഞ്ഞു. ഇക്കാര്യം തന്നോട് പറഞ്ഞയാള്‍ മരിച്ചുപോയതിനാലാണ് പേര് പറയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona