നാര്‍ക്കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്നായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം. 

തിരുവനന്തപുരം: പാലാ ബിഷപ്പിന് എതിരായ പി ചിദംബരത്തിന്‍റെ വിമര്‍ശനത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും സുധാകരന്‍റെ മറുപടി. വി എം സുധീരന്‍റെ രാജിക്കാര്യത്തോടും സുധാകരന്‍ പ്രതികരിച്ചു. സുധീരന്‍റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

പാലാ ബിഷപ്പിന് എതിരെ ഇന്ത്യന്‍ എക്സ്‍പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ചിദംബരം ഉയര്‍ത്തിയിരിക്കുന്നത്. നാര്‍ക്കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്നായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും നിലപാടുകളെ ലേഖനത്തില്‍ ചിദംബരം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചിദംബരത്തെ തള്ളി പാലാ ബിഷപ്പിനെ പിന്തുണച്ച് സുധാകരന്‍ എത്തിയിരിക്കുന്നത്. 

'സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണം'; നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി