പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു. 

തിരുവനന്തപുരം: പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരന്‍ ചോദിച്ചു. പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. കണ്ണൂര്‍ ജയിലില്‍ കൊടിസുനിയാണ് ജയില്‍ സൂപ്രണ്ട്. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു. 

സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona