ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ഇ പിക്ക് എതിരായ ആരോപണത്തിലെ തന്‍റെ വിവാദ പ്രതികരണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്ത് എത്തി. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടറുടെ ചോദ്യത്തിന് അങ്ങനെ തന്നെയാണെന്ന് മറുപടി നല്‍കുകയായിരുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജൻ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്. ജയരാജൻ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കും. സിപിഎമ്മിനോട് മൃദുസമീപനം ഇല്ല. വിഷയാധിഷ്ടിതം ആണ് പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
