2006 മുതൽ 2011 വരെ കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന പ്രതികളാണ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
ദില്ലി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ എ അമാനുള്ള, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 2006 മുതൽ 2011 വരെ കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. ബാങ്കിന്റെ വായ്പ വിതരണം ഉൾപ്പടെയുള്ളവയിൽ ഇടപെട്ടിട്ടില്ലെന്നും തങ്ങൾ കാരണം ബാങ്കിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം. ഇതേ കാലയളവിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്ന മറ്റ് ചിലർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്കും മുൻകൂർ ജാമ്യം അനുവദിക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ഈ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

