തൃക്കാക്കരയിൽ സഖ്യത്തിന്‍റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: ആപ് (AAP)- ട്വന്‍റി ട്വന്‍റി സഖ്യം കോൺഗ്രസിന് ഭീഷണി അല്ലെന്ന് കെപിസിസി പ്രസിഡന്‍റ്. പുതിയ കാലത്ത് പുതിയ മുന്നണികൾ വരുന്നത് സ്വഭാവികമാണ്. തൃക്കാക്കരയിൽ സഖ്യത്തിന്‍റെ നിലപാടിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

YouTube video player

  • എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ; ആരെ വെട്ടി മുന്നേറും ജനക്ഷേമസഖ്യം, ബദൽ രാഷ്ട്രീയത്തെ പുൽകുമോ കേരളം?

കൊച്ചി: കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും . കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് ജനക്ഷേമ സഖ്യം എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപിൻ്റേയും ട്വന്‍റി ട്വന്‍യുടേയും ശ്രമം. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി എന്ന പ്രാദേശിക കൂട്ടായ്മ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കളഞ്ഞത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും നിഷ്പ്രഭരാക്കിയായിരുന്നു ട്വന്‍റി ട്വന്‍റിയുടെ കിഴക്കമ്പലം വിജയം. 2020ലേക്കെത്തിയപ്പോള്‍ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കും വിജയം വ്യാപിപ്പിക്കാന്‍ ട്വന്‍റി ട്വന്‍റിക്ക് കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച വോട്ടു മുന്നേറ്റമുണ്ടാക്കാനും ട്വന്‍റി ട്വന്‍റിക്കായതോടെയാണ് എ‍ല്‍ഡിഎഫിനും യുഡിഎഫിനും എതിരെയൊരു ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന ചിന്ത തന്നെ ഉയര്‍ന്നത്. കാര്യമായി സംഘടനാ സംവിധാനമില്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാന്‍ അരവിന്ദ് കെജ്രിവാളിനെ പ്രേരിപ്പിച്ചതും ട്വന്‍റി ട്വന്‍റി മുന്നേറ്റമാണ്. 

മൂന്നു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാനത്ത് ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടും ഏറ്റവും അനുകൂല സാഹചര്യത്തില്‍ പോലും ബിജെപിക്ക് സമാഹരിക്കാനായത് 20 ശതമാനത്തോളം വോട്ടുകളാണ്. എന്നിട്ടും ഇക്കാലത്തിനിടെ ഒരൊറ്റ നിയമസഭ സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ഈ വസ്തുത മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു തന്നെയാണ് യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ മറ്റൊരു ബദല്‍ ഉയര്‍ത്താനുളള ശ്രമത്തിന്‍റെ വിജയ സാധ്യതയില്‍ സംശയം ഉയരുന്നത്. എല്‍ഡിഎഫോ യുഡിഎഫോ തീര്‍ത്തും ദുര്‍ബലമാകാതെ പുതിയ സഖ്യം വിജയത്തിലെത്തില്ലെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെയും. വിശ്വാസ്യതയുളള ഒരു നേതാവിന്‍റെ അഭാവവും ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിനുളള പരിമിതികളിലൊന്നാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ട്വന്‍റി ട്വന്‍റി മുന്നേറ്റത്തിൻറെ ഗുണഭോക്താവ് എൽഡിഎഫായിരുന്നു. പക്ഷെ പിന്നീട് ട്വന്‍റി ട്വന്‍റിയെ ഇടതുമുന്നണി നിർത്തിയത് ശത്രുപക്ഷത്ത്. തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ ട്വന്‍റി ട്വന്‍റിയെ ഇപ്പോൾ ഇരുമുന്നണികൾക്കും വേണം. പക്ഷെ പുതിയ സഖ്യത്തിനുള്ള വലിയ ലക്ഷ്യങ്ങളിൽ ഇരുമുന്നണിക്കും ആശങ്കയുണ്ട്. തൃക്കാക്കരക്ക് ശേഷം സ്വന്തം പാളയത്തിൽ നിന്നുള്ള ചോർച്ച ഒഴിവാക്കി പുതിയ ബദലിനെതിരായ രാഷ്ട്രീയനീക്കങ്ങൾക്കാവും മുന്നണികൾ പ്രാധാന്യം നൽകുക. പത്തു വര്‍ഷത്തോളം നീണ്ട തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് ‍ദില്ലിക്ക് പുറത്ത് പഞ്ചാബില്‍ ആപ്പ് അധികാരം പിടിച്ചത്. ഇതേ തന്ത്രം തന്നെ പയറ്റേണ്ടി വരും കേരളത്തിലും.