മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

തിരുവനന്തപുരം: എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും, എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിന്‍ർറെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും. കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയും ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രണ്ട് എസ്എച്ച്ഒമാർക്കെതിരെ പൊലീസ് മേധാവിയുടെ അച്ചടക്ക നടപടി സ്വീകരിച്ചു. എറണാകുളം ജില്ലയിലെ എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സാബുജി എം എ എസിനെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെ, പ്രവർത്തകർ വാഹനത്തിന്റെ ചില്ലിൽ ഇടിച്ചു. കമ്പനിപ്പടിയിൽ ആയിരുന്നു പ്രതിഷേധം ഈ സംഭവത്തിലാണ് എസ്എച്ച്ഒ സാബുജിയെ സ്ഥലം മാറ്റിയത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാൽ സാബുജിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല. ഗുണ്ടാ ബന്ധത്തിലാണ് കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മാറ്റിയത്.

നാടിനെ മരുഭൂമിയാക്കുന്ന പദ്ധതി, സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണോ? പാലക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോൺഗ്രസ്

എം ജെ അരുണിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുൺ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. ഈ ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാൻ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സ്ഥലം മാറ്റം. എന്നാൽ എം ജെ അരുണിനെ മലപ്പുറത്ത് സൈബർ ക്രൈം സ്റ്റേഷനിൽ തന്നെയാണ് നിയമിച്ചിട്ടുള്ളത്. സാബുജിക്ക് പകരമായി വാടാനപ്പള്ളി എസ്എച്ച്ഒ സനീഷ് എസ് ആറിനെ എളമക്കരയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. എം ജെ അരുണിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതിന് പകരമായി അവിടുത്തെ എസ്എച്ച്ഒ ജഗദീഷ് വി ആറിനെ കോട്ടയത്തേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.