പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ സര്‍വ്വേ നടത്തണം. സര്‍വ്വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. 

തിരുവനന്തപുരം: കെ റെയിലിന് (K Rail) പിന്നില്‍ മണി പൊളിറ്റിക്സെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran). കെ റെയിലിൽ പത്തുശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് സുധാകരന്‍റെ ആരോപണം. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സമ്മതിക്കില്ല. പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ സര്‍വ്വേ നടത്തണം. സര്‍വ്വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. 

  • കെ സുധാകരന്‍റെ വാക്കുകള്‍

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം വികസനമെന്ന പേരില്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും കമ്മീഷനാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. കെ റെയിലിലും പത്തുശതമാനം കമ്മീഷനാണ് ലക്ഷ്യം. കോടികള്‍ അടിച്ചെടുക്കലാണ് ലക്ഷ്യം. ഒരുദിവസത്തെ ചാനല്‍ കണ്ടാല്‍ ഹൃദയമുള്ള ഒരാളും കരയാതിരിക്കില്ല. അത്രയേറെ മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞുമക്കളുടെ മുമ്പില്‍ നിന്ന് രക്ഷിതാക്കളെ വലിച്ചിഴയ്ക്കുന്നതും അടിക്കന്നതും മകനെ പൊലീസ് പിടിച്ചോണ്ട് പോകുമ്പോള്‍ അമ്മ ബോധം കെട്ട് വീഴുന്നതും അടുക്കളയില്‍ കുറ്റിയിടുന്നതുമൊക്കെ ഈ രാജ്യത്തല്ലാതെ വേറെ ഏത് രാജ്യത്താണ് നടക്കുക. ഇങ്ങനൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. പിണറായി വിജയന്‍റെ സ്വപ്നം ഒരിക്കലും പൂവണിയില്ല. സമൂഹത്തിലെ പ്രതികരണങ്ങള്‍ കണ്ണും കാതുമുള്ളവരാണേല്‍ കേള്‍ക്കും. എന്ത് ജനാധിപത്യ ബോധമാണ് സിപിഎമ്മിനുള്ളത്. ജനാധിപത്യ ബോധ്യമുണ്ടേല്‍ ജനങ്ങളുടെ വികസനത്തെക്കുറിച്ച് സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സര്‍വ്വേയില്‍ സര്‍ക്കാര്‍ ജയിച്ചാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ ഞങ്ങള്‍ പിന്താങ്ങാം.

  • ചോറ്റാനിക്കരയില്‍ സംഘര്‍ഷം, സര്‍വ്വേ കുറ്റികള്‍ കുളത്തിലെറിഞ്ഞു, വന്‍ പൊലീസ് സന്നാഹം

എറണാകുളം: എറണാകുളം ചോറ്റാനിക്കരയില്‍ (Chottanikkara) കെ റെയില്‍ (K Rail) സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.