Asianet News MalayalamAsianet News Malayalam

അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരെന്ന് കെ സുധാകരൻ

അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരൻ...

K Sudhakaran says government is the first culprit in Ananya's suicide
Author
Thiruvananthapuram, First Published Jul 21, 2021, 11:51 PM IST

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് ആർ ജെ ആയിരുന്ന അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. 

അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നൽകേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂർണ്ണമായ സമീപനം പോലും ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ, ജനാധിപത്യ സമൂഹം എന്ന നിലയിൽ നമുക്ക് തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ കഴിയില്ലെന്നും ആനന്യക്ക് ആദരാഞ്ജലി നേർന്നുകൊണ്ട് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. 

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJ യും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്ന അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നൽകേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂർണ്ണമായ സമീപനം പോലും ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ, ജനാധിപത്യ സമൂഹം എന്ന നിലയിൽ നമുക്ക് തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ കഴിയില്ല. സർക്കാർ ഒരുക്കേണ്ട യാതൊരു സുരക്ഷയും ഉറപ്പുവരുത്തിയില്ല എന്ന് മാത്രമല്ല അതു പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടും അവഗണന മാത്രം നേരിടേണ്ടിവരുന്ന സാഹചര്യം, കേരളം പോലെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്ന് നമ്മൾ കരുതുന്ന ഒരു നാടിനും ഭൂഷണമല്ല. പൊതുതിരഞ്ഞെടുപ്പിൽ ജനവിധി തേടിയ പശ്ചാത്തലമുള്ള വ്യക്തി കൂടിയായ അനന്യ കേരളത്തിലെ ട്രാൻസ് വിഭാഗത്തിന്റെ ശബ്ദം കൂടിയായിരുന്നു. ഇങ്ങനെ അവസാനിക്കരുതായിരുന്നു ആ ജീവിതം. അത്രമേൽ തീക്ഷ്ണവും കഠിനവുമായ വഴികൾ നടന്നവരാണ്. വലിയ ദുഃഖമുണ്ട് പക്ഷേ ഇനി ഇങ്ങനെയൊന്ന് നമ്മുടെ നാട്ടിൽ സംഭവിച്ചുകൂടാ. അതിന് വേണ്ടുന്ന നടപടികൾ സർക്കാർ സ്വീകരിക്കണം. അനന്യയുടെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ!
 

Follow Us:
Download App:
  • android
  • ios