Asianet News MalayalamAsianet News Malayalam

'നയപ്രഖ്യാപന പ്രസംഗം ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്ന് പറയുന്നത് പോലെ: കെ. സുധാകരന്‍

കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടിടത്ത് വെള്ളം ചേര്‍ത്തത് ഗവര്‍ണ്ണറെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണ്.  ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയതെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍

 K sudhakaran strongly criticise Governor address in assembly
Author
First Published Jan 23, 2023, 5:06 PM IST

തിരുവനന്തപുരം: ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പറയുന്നത് പോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെ. സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് കെപിസിസി പ്രസിഡന്‍റ്  പറഞ്ഞു.

കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടിടത്ത് വെള്ളം ചേര്‍ത്തത് ഗവര്‍ണറെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണ്. ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയത്. യാഥാര്‍ത്ഥ്യവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. പൊള്ളയായ അവകാശവാദങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അതേ നയപ്രഖ്യാപനം പേരിന് മാറ്റംവരുത്തി കോപ്പിയടിച്ച് ഇറക്കിയിരിക്കുകയാണ്. കേരളത്തിന്‍റെ പൊതുകടം ഏറ്റവും അപകടകരമായ നിലയിലാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പഠന റിപ്പോര്‍ട്ട്. അപ്പോഴാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തികനില ഭദ്രമെന്ന് പറയുന്നത്. പൂച്ച പെറ്റുകിടക്കുന്ന ഖജനാവിനെ നോക്കി മലര്‍പ്പൊടിക്കാരനെപോലെ സ്വപ്നം വില്‍ക്കുകയാണ് മുഖ്യമന്ത്രി. നിത്യച്ചെലവിന് പോലും പണമില്ലാതെ വീണ്ടും കടമെടുക്കാന്‍  കേന്ദ്രത്തിന്‍റെ പടിവാതിക്കല്‍ കാത്ത് നില്‍ക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചു. ഗുണ്ടകളും പൊലീസ് ക്രിമിനലുകളും ചേര്‍ന്ന് പൊലീസ് സേനയെ അടക്കിവാണ് നാടും നഗരവും ഭരിക്കുമ്പോള്‍ അതിനെ മികച്ചതെന്ന് വിശേഷിപ്പിക്കാന്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനും അതിന് താളം തുള്ളുന്ന ഗവര്‍ണര്‍ക്കും മാത്രമെ കഴിയുയെന്നും സുധാകരന്‍ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിനെ  മണിയടിച്ചും മോദിയെ സുഖിപ്പിച്ചും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാ സ്വപ്നമാണ്. അതിനായി വാങ്ങിവെച്ച വെള്ളം ഇറക്കിവെയ്ക്കുന്നതാണ് നല്ലത്. പരിസ്ഥിതിക്കും മനുഷ്യനും ദോഷം വിതക്കുന്ന കെ. റെയിലിനെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് എതിര്‍ക്കും. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചട്ടഭേദഗതിക്ക് ഒരുങ്ങുകയും ഒടുവില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച സര്‍ക്കാരാണ് മാധ്യമസ്വതന്ത്ര്യം വിളമ്പുന്നത്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള ഗിമ്മിക്കുകള്‍ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios