സിപിഎം നേരിട്ട് നടത്തിയ കൊലപാതമാണ് ഷുഹൈബിന്‍റേത്, അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട്, അതിന് ആകാശ് തില്ലങ്കേരിയുടെ വെളുപ്പെടുത്താൽ വേണ്ടെന്നും കെപിസിസി പ്രസിഡണ്ട്.

തിരുവനന്തപുരം:ഷുഹൈബ് വധക്കേസിന് പിന്നില്‍ സിപിഎമ്മാണെന്ന് അറിയാന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അറിയാതെ കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകവും സിപിഎം നടത്തിയിട്ടില്ല. ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആളാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഷുഹൈബിന്റേത് സിപിഎം നേരിട്ട് നടത്തിയ കൊലപാതകമെന്ന് കെ സുധാകരൻ | Shuhaib Murder Case

അതിനിടെ ,സിപിഎം തള്ളിപ്പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിലൂടെ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ കൊലവിളി തുടരുകയാണ്. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവെച്ചു വിടണമായിരുന്നോ എന്നാണ് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്‍റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിക്ക് പിന്നാലെ ആകാശ് തില്ലങ്കേരി ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു

മന്ത്രി എംബി രാജേഷിന്റെ ഡ്രൈവർ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മി ആകാശ് തില്ലങ്കേരിയെ ഫേസ്ബുക്കിൽ വിമർശിച്ചിരുന്നു. അതിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും നിരന്തരം കമന്റുകളിട്ടത്. ഇതിനെതിരെ ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കെതിരെ മുഴക്കുന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെയും ജയപ്രകാശ് തില്ലങ്കേരി ശ്രീലക്ഷ്മിക്കെതിരെ അധിക്ഷേപ പോസ്റ്റിട്ടു. പിന്നീട് പിൻവലിച്ചു. ഫേസ്ബുക്കിൽ ആരോപണ പ്രത്യാരോപണം നടക്കുന്നതിനിടെയാണ് വീണ്ടും കൊലവിളി പരാമർശം ജിജോ നടത്തിയത്. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ കൊല്ലാതെ പിന്നെ ഉമ്മ വയ്ക്കണമമായിരുന്നോ എന്നായിരുന്നു ഇയാളുടെ കമന്‍റ് . ആകാശിന്‍റെ അടുത്ത അനുയായിയാണ് ജയപ്രകാശും ജിജോയും. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. കൂടുതൽ പ്രതികരണങ്ങൾ നടത്താതെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാണ് യുവ നേതാക്കൾക്ക് സിപിഎം നൽകിയ നിർദ്ദേശം.