പത്തനംതിട്ട: പാലക്കാട് നഗരസഭയിലെ ഫ്ലക്സ് വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകുമെന്നായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. ശ്രീരാമ ചിത്രത്തെ അപമാനമായി ആരും കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചെന്ന വാര്‍ത്തയോടും സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്കെതിരെ ഒരു നേതാവും കത്തയച്ചിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. കത്തയച്ചവര്‍ അത് പറാനുള്ള ആര്‍ജവം കാണിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

2015നെക്കാൾ കൂടുതൽ നേടിയ സീറ്റുകളുടെ എണ്ണം പറഞ്ഞ് തദ്ദേശ ഫലം നേട്ടമാണെനന് സുരേന്ദ്രൻ അവകാശപ്പെടുമ്പോഴാണ് സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്ര വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചത്.  ഏകാധിപത്യ നീലപാടുമായി മുന്നോട്ട് പോകുന്ന സുരേന്ദ്രനെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ഇരുപക്ഷവും വെവ്വേറെ കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നത്. മുതിർന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാതെ തഴഞ്ഞു എന്നാണ് പ്രധാന വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഇല്ലെങ്കിൽ വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സുരേന്ദ്രന്‍റെ കണക്ക് തളളി ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടായതെന്നും കുറ്റപ്പെടുത്തലുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം പ്രതീക്ഷിച്ചതിന്‍റെ അടുത്ത പോലും പാർട്ടിക്ക് എത്താനായില്ല.