തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ അപരൻമാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം നൽകുന്നുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ അട്ടിമറി നീക്കം നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന് പകരം യുഡിഎഫ് എന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പോടെ മാറുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

അഴിമതി പിടിക്കപ്പെടുമെന്നായപ്പോൾ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ മര്യാദക്ക് ചോദ്യം ചെയ്താൽ കേരളം നടുങ്ങുന്ന അഴിമതി പുറത്തു വരും. സഹസ്രകോടിയുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്. അഴിമതി രാജാണ് ഇവിടെ നടന്നത്.

ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി. ഇത് മറച്ചുവക്കാനുള്ള പാഴ്ശ്രമമാണ് കേന്ദ്ര ഏജൻസി വിരുദ്ധ സമരം. കിഫ് ബിയിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ സിഎജിയെ ഉപയോഗിച്ച് വികസനം അട്ടിമറിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ബാലിശമായ ആരോപണമാണിത്. മുഖ്യമന്ത്രി കസേരക്ക് യോജിച്ചതല്ല ഇതൊന്നും. 

സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  അദ്ദേഹം സിഎജി റിപ്പോർട്ട് കണ്ടോ? അങ്ങനെ കണ്ടെങ്കിൽ അത് ഭരണഘടന വിരുദ്ധമാണ്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് കിഫ് ബി വായ്പയെടുക്കുന്നത്. ധനമന്ത്രിയായ തോമസ് ഐസക് അഴിമതി നടത്തിയിട്ടുണ്ട്. ബിജെപി മൈനർ പാർട്ടിയാണെന്ന തോമസ് ഐസകിൻ്റെ പ്രസ്താവനയ്ക്ക് സിപിഎം രാജ്യത്തെ തന്നെ മൈക്രോ മൈനർ പാർട്ടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. വഴിവിട്ട ഇപാടുകൾ ഈ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നു. ഇതിലെല്ലാം അന്വേഷണത്തിന് ധൈര്യമുണ്ടോ?. കേന്ദ്ര സംസ്ഥാന തർക്കമാക്കി കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ മാറ്റുന്നത് ദുഷ്ടലാക്കാണ്. 

മടിയിൽ കനമുള്ളതുകൊണ്ടാണ് ഇഡിയെ പേടിക്കുന്നത്. രവീന്ദ്രന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേശൻ പുത്തലത്തിനേയും ചോദ്യം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.  തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം അനൗചിത്യമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.