Asianet News MalayalamAsianet News Malayalam

സർക്കാർ മതഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി, പൊലീസ് നിഷ്ക്രിയരായി; കെ.സുരേന്ദ്രൻ

ഹർത്താൽ അനുകൂലികൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണെന്നും  അദ്ദേഹം ആരോപിച്ചു. 

k surendran about popular front hartal
Author
First Published Sep 23, 2022, 8:50 PM IST

കോഴിക്കോട്: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ  സുരേന്ദ്രൻ.  ഹർത്താൽ അനുകൂലികൾക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണെന്നും  അദ്ദേഹം ആരോപിച്ചു. 

എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ പോലും  തകർക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെഎസ്ആർടിസി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്റെ പരാജയമാണ്.

ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായി. സ്ത്രീകൾക്ക് നേരെ പോലും ആക്രമണം നടന്നിട്ടും സർക്കാർ നിസ്സഹായ അവസ്ഥയിലായിരുന്നു. മട്ടന്നൂരിൽ ആർഎസ്എസ്സിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും തണുപ്പൻ സമീപനം പൊലീസ് എടുത്തിട്ടില്ല. സർക്കാരിന്റെ മൗനാനുവാദം പരസ്യമാക്കപ്പെട്ട നടപടിയാണിത്. നിയമവിരുദ്ധമായ ഹർത്താലാണിതെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്.

ഒരുമതതീവ്രവാദ സംഘടന ആഹ്വാനം ചെയ്ത ഹർത്താലാണിത്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് അവർക്കെതിരെ ഭീകരവാദവിരുദ്ധ കേസുകൾ വന്നത്. എന്നിട്ടും സർക്കാർ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് അപമാനകരമാണ്. എൻഐഎക്ക് പോപ്പുലർ ഫ്രണ്ടിന്റെ പോക്കറ്റുകളിൽ റെയിഡ് നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവരെ അടക്കിനിർത്താൻ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ല.

സിപിഎമ്മിന്റെ കേരളത്തിലെ ഏക എംപി പിഎഫ്ഐക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ആലപ്പുഴക്കാരനായ എംപിയാണെന്നത് കേരളത്തിന് ലജ്ജാകരമാണ്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പൊലീസിന്റെ വീഴ്ചയ്ക്ക് കാരണം. പിഎഫ്ഐയെ കയറൂരി വിടാൻ തന്നെയാണോ സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ജനങ്ങൾക്ക് അറിയണം. കാലാകാലങ്ങളായി സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സ്ക്വോഡ് പ്രവർത്തനം തുടങ്ങാറുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ കാരണം അതൊക്കെ നിലയ്ക്കുകയായിരുന്നു. ഇതാണ് തീവ്രവാദ ശക്തികൾക്ക് ഇത്രയും കരുത്ത് കിട്ടാൻ കാരണം. വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഇടത്-വലത് മുന്നണികൾ മതമൗലികവാദികളെ പ്രീണിപ്പിച്ചത് കൊണ്ടാണ് കേരളത്തിന്റെ അവസ്ഥ ഇത്രയും ഭീകരമായത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഹർത്താലിനെതിരെ അപലപനീയമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ വലിയതോതിൽ ആയുധ ക്യാമ്പുകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പിടിക്കുന്ന ഭീകരർക്കും പരിശീലനം കിട്ടുന്നത് കേരളത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Read Also: 'പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു, കോണ്‍ഗ്രസ് പദയാത്ര നിര്‍ത്തി'; ഇത് ലജ്ജാകരമെന്ന് ബിജെപി നേതാവ്

Follow Us:
Download App:
  • android
  • ios