തിരുവനന്തപുരം: നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണാ രോഗികളായവരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതല്ല. 

രോഗം ഭേദമായവരെത്രയുണ്ട്, നിരീക്ഷണത്തിലാരെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടണം. തബ്‍ലീഗുകാരുമായി സമ്പക്കര്‍ത്തിലുണ്ടായവര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. കോഴിക്കോട്ട് രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം വന്നത് തബ്‌ലീഗ് സമ്മേളനത്തിനു പോയവര്‍ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്തതിനാലാണ്. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാക്കിയത് തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനമാണ്. 

അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തകാര്യമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍ 284 പേരെ ഇനിയും കണ്ടെത്തിയില്ലെന്ന സംസ്ഥാന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ഇപ്പോഴും കോറൊണ ഭീതി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ആ നിലയ്ക്ക് തബ്‌ലീഗുകാരെ കണ്ടെത്തേണ്ടതുണ്ട്. തബ് ലീഗ് സമ്മേളനത്തില്‍ പോയി രോഗികളായവരെ കുറിച്ച് പറയുമ്പോള്‍ അതിനെ വര്‍ഗീയതയാക്കി ചിത്രീകരിച്ച് വായടപ്പിക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

രോഗ ബാധിതരായവരെക്കുറിച്ചുള്ള കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നുണ്ട്. പക്ഷേ അതില്‍ തബ്‌ലീഗ് സമ്മേളനത്തിനു പോയവരില്ല. ഇന്‍കുബേഷന്‍ സമയം ഒരു മാസം കഴിഞ്ഞവര്‍ക്കുവരെ രോഗം സ്ഥിരീകരിക്കുന്ന നിലയാണിപ്പോഴുള്ളത്. വളരെ ഭീതിതമായ സ്ഥിതിയാണ് മിക്ക ജില്ലകളിലുമുള്ളത്. തബ്‌ലീഗുസമ്മേളനത്തിനുപോയതിനെ തുടര്‍ന്ന് കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ രോഗം മാറിയോ, അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്തെല്ലാമാണ്, ഇനിയും സമ്മേളനത്തിനു പോയവരെ കണ്ടെത്താനുണ്ടോ തുടങ്ങിയകാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണം. കണ്ടെത്താനാകാത്തവരുടെ ഫോണ്‍ ഓഫാണെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ടതല്ല ഇത്. പിടികൊടുക്കാതെ നടക്കുന്നവര്‍ സമൂഹത്തില്‍ കറങ്ങി നടന്ന് രോഗം പടര്‍ത്താനുള്ള സാഹചര്യമുള്ളപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.