Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിൽ സിപിഎം പ്രതിരോധത്തിൽ, തനിക്കെതിരെ നോട്ടീസ് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: കെ സുരേന്ദ്രൻ

കിറ്റക്സ് ഗ്രൂപ്പ് കേരളത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിക്ഷേപത്തിൽ നിന്ന് പിന്മാറിയത് സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടികളെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു

K Surendran Accuses CPIM for Crime branch notice in Kodakara robbery case
Author
Kozhikode, First Published Jul 3, 2021, 1:22 PM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്ന് കെ.സുരേന്ദ്രൻ. എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു

കിറ്റക്സ് ഗ്രൂപ്പ് കേരളത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിക്ഷേപത്തിൽ നിന്ന് പിന്മാറിയത് സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടികളെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. തങ്ങൾക്ക് താത്പര്യമില്ലാത്ത എല്ലാവരോടും സർക്കാരിന് പ്രതികാര മനോഭാവമാണ്. മൂന്നിലൊന്ന് കൊവിഡ് മരണങ്ങളെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. കൊവിഡിന്റെ ആനുകൂല്യങ്ങൾ നൽകുന്നത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരാണ്. കണക്കുകൾ മറച്ചുവെച്ചാണ് കേരളം നമ്പർ വണ്ണാണെന്ന് പറയുന്നത്. കേന്ദ്രസംഘം ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ മൊഴി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്. ഇത് മറികടക്കാനാണ് കൊടകര കേസ് ആയുധമാക്കുന്നത്. അതിന് വേണ്ടിയാണ് തനിക്ക് നോട്ടിസ് നൽകിയത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സാക്ഷി മൊഴി രേഖപ്പെടുത്താനാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ഹാജരാകണമെന്ന് നിർബന്ധമില്ലല്ലോയെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios